എം-സോണ് റിലീസ് – 627
ഭാഷ | ഇംഗ്ലീഷ്, ഖമർ |
സംവിധാനം | Angelina Jolie |
പരിഭാഷ | സുഭാഷ് ഒട്ടുംപുറം |
ജോണർ | ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി |
യുദ്ധമായാലും കലാപമായാലും അത് അവശേഷിപ്പിക്കുന്നത് ഒരിക്കലും നികത്താനാവാത്ത നഷ്ടങ്ങളുടെ ഭീമമായ കണക്കുകൾ മാത്രമായിരിക്കും. മഹത്തായ ഒരു സംസ്കാരത്തിനുടമകളായ കമ്പോഡിയൻ ജനതയ്ക്ക് നീണ്ട പത്ത് വർഷക്കാലം അനുഭവിക്കേണ്ടി വന്നതും അത് തന്നെ. അഞ്ച് വർഷക്കാലം നീണ്ട് നിന്ന കമ്പോഡിയയിലെ ആഭ്യന്തര കലാപത്തിന് ശേഷം 1975 ൽ ഗവൺമെന്റിൽ നിന്ന് കമ്പോഡിയൻ കമ്മ്യൂണിസ്റ്റുകളായ ഖമർ റൗജ് അധികാരം പിടിച്ചെടുക്കുന്നു. ഗവൺമെന്റ് ഉദ്യോഗസ്ഥരേയും പട്ടാളക്കാരെയും വിദേശ രാജ്യങ്ങളുമായി എന്തെങ്കിലും ബന്ധമുള്ളവരെയും പട്ടണത്തിൽ ജീവിക്കുന്നവരേയും തെരഞ്ഞുപിടിച്ച് അവരുടെ പണവും സമ്പത്തുമെല്ലാം തട്ടിയെടുത്ത് വീടുകളിൽ നിന്നും ആട്ടിപ്പായിക്കുന്നു. സ്വന്തം നാട്ടിൽ അഭയാർത്ഥികളാവാൻ വിധിക്കപ്പെട്ട് നല്ല ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ലേബർ ക്യാമ്പുകളിൽ അടിമപ്പണി ചെയ്യാൻ വിധിക്കപ്പെട്ട അത്തരം ഒരു കുടുംബത്തിലെ ഇളയ കുട്ടിയായിരുന്നു ഏഴ് വയസുകാരിയായ ലൗങ്ങ് ഉങ്ങ്. അച്ഛനമ്മമാരിൽ നിന്നും സഹോദരങ്ങളിൽ നിന്നും വേർപെട്ട് പോയ അവളുടെ അതിജീവനത്തിന്റെ ഞെട്ടിക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത്.
കൂടുതലും കൊമേഴ്സ്യൽ ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ള ആഞ്ജലീന ജോളിയിൽ നിന്നും വളരെ വ്യത്യസ്തയാണ് സംവിധായികയായ ആഞ്ജലീന ജോളീ. പേരുകേട്ട ഒരു മനുഷ്യാവകാശ പ്രവർത്തക കൂടിയായ അവർ താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ യുദ്ധവും അതിൽ പീഡനങ്ങൾ അനുഭവിക്കുന്ന മനുഷ്യരുടെയും കഥയാണ് കൂടുതലും പറയാൻ ശ്രമിച്ചിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പ് Lara croft Tomb raider എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് കമ്പോഡിയയിലെത്തിയ ആഞ്ജലീന അവിടെ വച്ച് ലൗങ്ങ് ഉങ്ങുമായി സൗഹൃദത്തിലാവുകയും അത് ഈ ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് നയിക്കുകയും ചെയ്തു. അവർ രണ്ട് പേരും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.