എം-സോണ് റിലീസ് – 1753
ക്ലാസ്സിക് ജൂൺ 2020 – 22
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Werner Herzog |
പരിഭാഷ | രാഹുൽ രാജ് |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ |
ജർമ്മൻ സംവിധായകനായ വെർണർ ഹെർസോഗിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ഫിറ്റ്സ്കറാൾഡോ. അഡ്വഞ്ചർ ഡ്രാമ ഗണത്തിൽ പെടുത്താവുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ചതാണ്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ റബ്ബർ ഉത്പാദനത്തിന് അഭൂതപൂർവ്വമായ വളർച്ചയുണ്ടായി. മുതലാളിമാരെല്ലാം റബ്ബർ വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. റബ്ബർ മരങ്ങൾ തേടി ആമസോൺ ഉൾക്കാടുകളിലേക്ക് ഒട്ടനവധി സാഹസികയാത്രകൾ നടന്നു. ആമസോണിൽ ഒരു ഓപ്പറ സ്ഥാപിക്കണമെന്ന സ്വപ്നവുമായി നടക്കുകയാണ് ബ്രയാൻ സ്വീനി ഫിറ്റ്സ്ജെറാൾഡ് എന്ന ‘ഫിറ്റ്സ്കറാൾഡോ’. തന്റെ സ്വപ്നസാക്ഷാത്കാരത്തിനുള്ള പണം കണ്ടെത്താൻ ഫിറ്റ്സ്കറാൾഡോ കണ്ടെത്തുന്ന മാർഗവും റബ്ബറുത്പാദനം തന്നെ. പക്ഷേ വനത്തിൽ പതിയിരിയ്ക്കുന്ന അപകടങ്ങളെയും ഉകയാലി നദിയ്ക്കപ്പുറത്തെ കുത്തൊഴുക്കിനെയും മറികടന്നുവേണം അയാൾക്ക് റബ്ബർമരങ്ങൾ കണ്ടെത്താൻ. എന്നാൽ ഫിറ്റ്സ്കറാൾഡോയുടെ മനസ്സിലൊരു പദ്ധതിയുണ്ട്. മറ്റാർക്കും സ്വപ്നം പോലും കാണാൻ പറ്റാത്തൊരു പദ്ധതി!
കമ്പ്യൂട്ടർ എഫക്ടുകൾ ഒട്ടും തന്നെ ഉപയോഗിച്ചിട്ടില്ലാത്ത ഫിറ്റ്സ്കറാൾഡോയുടെ ചിത്രീകരണവേളയിൽ ഒരുപാട് തടസ്സങ്ങൾ നേരിട്ടെങ്കിലും ഹെർസോഗിന്റെ കടുംപിടുത്തങ്ങളും ചിത്രീകരണസംഘത്തിന്റെ കഠിനപ്രയത്നവുമാണ് ഈ ചിത്രം സാധ്യമാക്കിയത്. നിശ്ചയദാർഢ്യത്തിന്റെയും ലക്ഷ്യത്തിലെത്താനുള്ള അടങ്ങാത്ത ദാഹത്തിന്റെയും പ്രതീകമാണ് ഫിറ്റ്സ്കറാൾഡോ. ക്ലൌസ് കിൻസ്കി ആ കഥാപാത്രത്തെ അനശ്വരമാക്കിയിരിക്കുന്നു. കാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ഹെർസോഗിന് നേടിക്കൊടുത്ത ഫിറ്റ്സ്കറാൾഡോ അതുല്യമായ ഒരു ചലച്ചിത്രാനുഭവമാണ്.