Halloween
ഹാലോവീൻ (1978)

എംസോൺ റിലീസ് – 2627

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: John Carpenter
പരിഭാഷ: എൽവിൻ ജോൺ പോൾ
ജോണർ: ഹൊറർ, ത്രില്ലർ
Download

2401 Downloads

IMDb

7.7/10

“ആ കണ്ണുകളുടെ പിന്നില്‍ ജീവിച്ചിരുന്നത് ശുദ്ധമായ തിന്മ മാത്രമാണ്.”

1978ല്‍ റിലീസ് ചെയ്ത ജോണ്‍ കാര്‍പെന്റര്‍ സംവിധാനം ചെയ്ത ഹോളിവുഡ് ഹൊറര്‍ ചലച്ചിത്രമാണ് ‘ഹാലോവീന്‍’ ഹൊറര്‍ ജോണറിലെ വളരെയധികം ജനപ്രീതിയുള്ള സബ് ജോണറായ “സ്ലാഷര്‍” ചിത്രങ്ങളുടെ തല തൊട്ടപ്പനായാണ് ഹാലോവീന്‍ എന്ന സിനിമയെ വാഴ്ത്തുന്നത്.

ഒരു ഹാലോവീന്‍ രാത്രിയില്‍ ഹാഡോണ്‍ ഫീല്‍ഡ് എന്ന ചെറു പട്ടണത്തില്‍ മൈക്കിള്‍ മായേര്‍സ് തന്റെ കുടുംബത്തിലെ ഒരു അംഗത്തെ കൊല്ലുന്ന രംഗത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. തുടര്‍ന്ന് പിടിക്കപ്പെടുന്ന മൈക്കിള്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു ഹാലോവീന്‍ രാത്രി രക്ഷപ്പെടുന്നതും തന്റെ കൊലപാതക പരമ്പര തുടരാനായി ഹാഡോണ്‍ ഫീല്‍ഡിലേക്ക് തിരിച്ചെത്തുന്നതുമാണ് കഥാസന്ദര്‍ഭം.

ഹലോവീനിന് മുന്‍പ് വരെ ഹോളിവുഡിലെ മുഖ്യധാരാ ഹൊറര്‍ ചിത്രങ്ങള്‍ “ദി എക്സോര്‍സിസ്റ്റിനെ” പോലെ അമാനുഷിക ശക്തികളെയും, പ്രേതങ്ങളെയും ചുറ്റി പറ്റിയാണ് കഥ പറഞ്ഞിരുന്നത്. ഈ കഥകള്‍ എല്ലാം തന്നെ നടന്നിരുന്നത് വളരെ ഭീതി ജനിപ്പിക്കുന്ന വീടുകള്‍, കോട്ടകള്‍, മാളികകള്‍ തുടങ്ങിയവയില്‍ ആയിരുന്നു. എന്നാല്‍ ഹാലോവീനിലൂടെ കാര്‍പെന്റര്‍ ഈ ഭയത്തെ ഒരു സാധാരണക്കാരന്‍ ജീവിച്ചിരുന്ന വീടുകളിലേക്ക് പറിച്ചു നട്ടു. ഹാഡോണ്‍ ഫീല്‍ഡ് എന്ന പട്ടണം കാണാന്‍ വളരെ സാധാരണമായൊരു അമേരിക്കന്‍ പട്ടണം പോലെയാണ്. അവിടെയാണ് മൈക്കിള്‍ തന്റെ കൊലപാതക പരമ്പര നടത്തുന്നത്. മൈക്കിള്‍ എന്നത് ഇവിടെ ഒരു വില്ലന്‍ എന്നതിലുപരി പൂര്‍ണ്ണമായ തിന്മയുടെ ബിംബവല്‍ക്കരണമാണ്. ഹാലോവീന്‍ ഒരു വന്‍ വിജയമായതിനെ തുടര്‍ന്ന് ഇതേ ഫോര്‍മുലയില്‍ നിരവധി സിനിമകള്‍ ഇറങ്ങുകയും, എന്തിന് ഹാലോവീന്‍ വരെ ഒരു
ഫ്രാഞ്ചൈസ് ആയി മാറുകയും ചെയ്തു. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ വളരെ പെട്ടെന്ന് എന്തെല്ലാം വ്യത്യസ്തമായ രീതികളില്‍ വില്ലന്മാരെ കൊണ്ട് ആളുകളെ കൊല്ലിപ്പിക്കാം എന്നതിലേക്ക് മാത്രം ഒതുങ്ങുകയുണ്ടായി. പക്ഷേ, ഹാലോവീന്‍ പരമ്പരയിലെ ആദ്യ ചിത്രം ഇന്നും ഒരു ക്ലാസിക്കായി നിലകൊള്ളുന്നു. എന്ത് കൊണ്ട് എന്നറിയാന്‍ സിനിമ കാണുക.