എം-സോണ്‍ റിലീസ് – 1718

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Tim Johnson |
പരിഭാഷ | ഇമ്മാനുവൽ ബൈജു |
ജോണർ | ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി |
സാധാരണ സിനിമകൾ പോലെ ആനിമേഷൻ സിനിമകൾക്കും ഒരുപാട് ആരാധകരുണ്ട്. ഒരുപക്ഷെ ലോജിക് എന്ന കെട്ടുമാറാപ്പില്ലാത്തതും നടന്മാർ എന്നതിലുപരി നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നതുമാകാം അതിനു കാരണം. കൂടാതെ ടെൻഷനില്ലാതെ ഒരു കുട്ടിയുടെ മനസോടെ ചിരിച്ചിരുന്നു കാണാൻ പറ്റിയ ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവരും ധാരാളമുണ്ടാകും. അങ്ങനെയുള്ള ഒരു ആനിമേഷൻ സിനിമയാണ് 2015ൽ ഇറങ്ങിയ Tim Johnson സംവിധാനം ചെയ്‌ത Home എന്ന ചിത്രം.
ഭൂമിയിൽ നിന്നും ദൂരെ മാറി താമസിക്കുന്ന ബൂവ് എന്നറിയപ്പെടുന്ന ഒരുകൂട്ടം അന്യഗ്രഹജീവികൾ. ആരുമായും കൂട്ടുകൂടാത്ത സ്വന്തം കാര്യം മാത്രം നോക്കുന്ന നേതാവായ ക്യാപ്റ്റൻ സ്മെക്കിനെ അന്ധമായി വിശ്വസിക്കുന്ന അവർ ക്യാപ്റ്റൻ സ്മെക്കിന്റെ തീരുമാനപ്രകാരം ഒരു പ്രത്യേകസാഹചര്യത്തിൽ ഭൂമിയിലേക്ക് താമസം മാറുന്നു.
ഇവരുടെ കൂട്ടത്തിൽ വേറിട്ട ഒരുത്തനുണ്ട്. കൗതുകക്കൂടുതൽ കാരണം എപ്പോഴും തെറ്റുകൾ പറ്റുന്ന എല്ലാവരുമായും കൂട്ടുകൂടാൻ ആഗ്രഹിക്കുന്ന Oh എന്ന ബൂവ്. Oh എന്ന പേര് അവന് കിട്ടിയത് തന്നെ അവന്റെ ഈ വിചിത്ര സ്വഭാവം കൊണ്ടാണ്. ഭൂമിയിലെത്തുന്ന അവൻ അവിടെ ഇത്തവണ വലിയ കുഴപ്പമുണ്ടാക്കുന്നു. അങ്ങനെ അവരിൽ നിന്നും ഒളിച്ചോടുന്ന അവൻ മറ്റു ബൂവുകൾ കാരണം അമ്മയെ നഷ്ടപ്പെട്ട Tip എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നു. ശേഷം Oh സുരക്ഷയും Tip അമ്മയെ കണ്ടെത്തികൊടുക്കാമെന്ന വ്യവസ്ഥയിൽ അവർ മുന്നോട്ട് പോകുന്നു. തുടർന്ന് സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് ബാക്കി കഥ.
തുടക്കം മുതൽ തന്നെ ഒരുപാട് കോമഡിയുമായി മുന്നോട്ട് പോകുന്ന സിനിമ നല്ലൊരു എന്റർടൈനർ തന്നെയാണ്. കുട്ടികൾ മുതിർന്നവർ എന്ന പ്രായഭേദവ്യത്യാസമില്ലാതെ എല്ലാവർക്കും ഒന്നര മണിക്കൂർ നേരത്തേക്ക് എല്ലാം മറന്നു ആസ്വദിച്ചു കാണാവുന്ന സിനിമയാണിത്.