എം-സോണ്‍ റിലീസ് – 447
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James Mangold |
പരിഭാഷ | ബിബിൻ സണ്ണി, തൻസീർ സലിം |
ജോണർ | മിസ്റ്ററി, ത്രില്ലർ |
അഗതാക്രിസ്റ്റിയുടെ നോവലിൽനിന്ന് ഭാഗികമായി പ്രചോദനം ഉൾകൊണ്ട് മൈക്കിൽ കൂണി രചിച്ച് ജയിംസ് മാൻഗോൾഡ് സംവിധാനം ചെയ്ത ഐഡന്റിറ്റി (2003) വമ്പൻ വിജയം കൈവരിച്ച ചിത്രമാണ്. ഹൊറർ മൂഡ് പകർന്നു തരുന്ന സൈക്കോളജിക്കൽ ത്രില്ലറിൽ ജോൺ കുസാകും, റെ ലിയോട്ടയും പ്രധാനവേഷം ചെയ്തിരിക്കുന്നു. ബാല്യത്തിലെ തിക്താനുഭവങ്ങളുടെ പ്രത്യാഘാതത്തിൽ നിന്ന് മുക്തിനേടാത്ത മാൽകം ഇന്ന് വധശിക്ഷ കാത്തുകിടക്കുന്ന കൊലയാളിയാണ്. അഭിഭാഷകന്റെ ഇടപെടൽ മൂലം ജീവിതം കുറച്ചുനാളത്തേക്ക് നീട്ടിക്കിട്ടി അയാൾക്ക്. അസാധാരണമായ സാഹചര്യത്തിൽ, നോവാഡയിലെ മോട്ടലിൽ രാത്രി കുടുങ്ങിപ്പോയ പത്തുപേരുടെ അനുഭവങ്ങളും ചിത്രം പറയുന്നു. ഒരോരുത്തരായി കൊല്ലപ്പെടാൻ തുടങ്ങുന്നതോടെ ആ കനത്ത മഴയുള്ള രാത്രി അതിജീവിക്കുക എന്നത് അവർക്ക് സാധ്യമാവുമോ? സസ്പെൻസ് നിലനിർത്തി മുന്നോട്ടുപോവുന്ന ചിത്രം ആദ്യാന്തം ശ്രദ്ധയോടെ കണ്ടില്ലെങ്കിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഒരു മിസ്റ്ററി ത്രില്ലര്‍ എന്ന നിലയില്‍ നീങ്ങുന്ന ചിത്രം ഒരു ഘട്ടം കഴിയുമ്പോള്‍ സൈക്കളോജിക്കല്‍ ത്രില്ലര്‍ ആയി വഴി മാറുന്നു. പല വഴിക്കായി ഒരു മോട്ടലില്‍ എത്തിച്ചേരുന്ന 10 പേരില്‍ ഓരോരുത്തരായി കൊല്ലപ്പെടുന്നു. പരസ്പ്പരം പഴി ചാരുകയും തെറ്റിദ്ധരിക്കുകയും ചെയ്യുന്നതിലൂടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നു. ചിത്രത്തിലുടനീളം കഥാപാത്രങ്ങളോടൊപ്പം നമ്മളും പല തരത്തിലുള്ള അനുമാനങ്ങളില്‍ എത്തുകയും ഒടുവില്‍ തുരു തുരാ ട്വിസ്റ്റുകളും അവിശ്വസനീയമെങ്കിലും ഞെട്ടിക്കുന്ന ക്ലൈമാക്സും കൊണ്ട് മികച്ചൊരു അനുഭവമാകുന്നു ചിത്രം.