എംസോൺ റിലീസ് – 2723
ഭാഷ | ഇംഗ്ലീഷ്, അറബിക് |
സംവിധാനം | Bruce Neibaur |
പരിഭാഷ | മുബാറക്ക് റ്റി എൻ |
ജോണർ | ഡോക്യുമെന്ററി, ഡ്രാമ, ഹിസ്റ്ററി |
AD 1325. ടാൻജീർ, മൊറോക്കോ.
തന്റെ വീടിന്റെ മട്ടുപ്പാവിൽ കിടന്നുറങ്ങുകയായിരുന്നു, മുഹമ്മദ് ബിൻ അബ്ദുല്ല അൽ ലവാത്തി അൽ തൻജി എന്ന നിയമ വിദ്യാർത്ഥി.
കുറച്ചു നാളുകളായി, അവൻ ഒരേ സ്വപ്നം തന്നെ ആവർത്തിച്ചു കാണുകയാണ്. സ്വപ്നത്തിൽ, അവൻ വലിയൊരു പക്ഷിയുടെ ചിറകിലേറി സഞ്ചരിക്കുകയാണ്. വിശാലമായ മരുഭൂമികളും, ആഴമേറിയ സമുദ്രങ്ങളും, ഇടുങ്ങിയ കടലുകളും താണ്ടി, ആ പക്ഷി അവനെയും കൊണ്ട് പറക്കുകയാണ്. അങ്ങനെ അവൻ മക്കയിൽ എത്തുന്നു, അവിടെ ഹജ്ജ് കർമ്മങ്ങൾ നിർവഹിച്ച ശേഷം പിന്നെയും അതേ പക്ഷിയുടെ ചിറകിൽ കയറി, അവൻ യാത്ര തുടരുകയാണ്!
വിസ്മയകരമായ ഈ സ്വപ്നത്തെ പറ്റി പലരോടും അവൻ ആരാഞ്ഞുവെങ്കിലും തൃപ്തികരമായ ഒരു മറുപടി ലഭിക്കുന്നില്ല. അവസാനം 21 വയസുള്ളപ്പോൾ, 3000 മൈലുകൾ താണ്ടി, മെക്കയിലേക്ക് ഹജ്ജ് ചെയ്യാനായി അവൻ ഒറ്റയ്ക്ക് പുറപ്പെട്ടു. സ്വപ്നത്തിൽ കണ്ടപോലെ ആ യാത്ര മക്കയിൽ അവസാനിച്ചില്ല. യാത്ര തുടർന്ന അവൻ, പിന്നീട് തന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയത് 30 വർഷങ്ങൾ കഴിഞ്ഞ്, 75000 മൈലുകൾ സഞ്ചരിച്ചതിന് ശേഷമാണ്. അവിശ്വസിനീയമായ ഈ യാത്ര നടത്തിയ ആ നിയമ വിദ്യാർത്ഥിയായിരുന്നു, പിൽക്കാലത്ത് ലോകം കണ്ട ഏറ്റവും മഹാനായ സഞ്ചാരിയായി മാറിയ ഇബ്നു ബത്തൂത്ത.
മേൽപ്പറഞ്ഞ യാത്രയെ പറ്റി, “തുഹ്ഫതുൽ അൻളാർ ഫീ ഗറാഇബിൽ അംസ്വാർ വഅജാഇബിൽ അസ്ഫാർ” (ലോക നഗരങ്ങളെ പറ്റിയും, വിസ്മയ യാത്രകളെ പറ്റിയും ചിന്തിക്കുന്നവർക്കുള്ള സമ്മാനം) എന്ന ബത്തൂത്തയുടെ തന്നെ യാത്രാ വിവരണത്തെ അടിസ്ഥാനമാക്കി, ബ്രൂസ് നയ്ബോർ സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് ജേണി ടു മെക്ക.
IMAX ഫോർമാറ്റിൽ ചിത്രീകരിച്ച ഡോക്യുമെന്ററിയിൽ, ഹജ്ജിന്റെ ചരിത്രത്തെ കുറിച്ചും, ഹജ്ജിലെ പ്രധാന കർമ്മങ്ങളെ പറ്റിയും വിവരിക്കുന്നുണ്ട്. ഓസ്ക്കാർ ജേതാവായ, നടൻ ബെൻ കിംഗ്സ്ലിയാണ് ഡോക്യുമെന്ററിക്കായി ശബ്ദ വിവരണം നൽകുന്നത്.