എംസോൺ റിലീസ് – 3279
ഏലിയൻ ഫെസ്റ്റ് – 09
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Marc Turtletaub |
പരിഭാഷ | ജിതിൻ ജേക്കബ് കോശി |
ജോണർ | കോമഡി, ഡ്രാമ, സയൻസ് ഫിക്ഷൻ |
ജീവിതസായാഹ്നത്തില്‍ എത്തിയവർക്കിടയിലേക്ക് പൊട്ടിവീണ ഒരന്യഗ്രഹജീവിയുടെ കഥയാണ് ജൂൾസ്. വാർദ്ധക്യത്തിലുള്ളവരുടെ ഭയവും നിസ്സഹായതയും ഒറ്റപ്പെടലും പിന്നെ സമൂഹത്തിന്റെ പരിഗണന ആഗ്രഹിക്കുന്ന അവരുടെ പഴക്കം ചെന്ന മനസ്സുമൊക്കെ ഈ ചിത്രത്തിൽ തെളിയുന്നു. എന്നാലും ഇതൊരു ഫീൽഗുഡ് സിനിമ തന്നെയാണ്.
അൽഷിമേഴ്സിന്റെ പ്രാഥമികലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയ മിൽട്ടൺ എന്ന വൃദ്ധന്റെ വീടിന്റെ പിന്നാമ്പുറത്ത് ഒരു പറക്കുംതളിക ഇടിച്ചിറങ്ങുന്നു. അയാളത് എല്ലാവരോടും പറഞ്ഞിട്ടും പ്രായാധിക്യവും മറവിരോഗവും കാരണം മകളും സമൂഹവും ആ വാക്കുകളെ അവഗണിച്ചു. ഗത്യന്തരമില്ലാതെ, പരുക്കേറ്റ ആ അന്യഗ്രഹജീവിയെ അയാള്‍ വീട്ടിൽ തന്നെ പരിചരിക്കുന്നു. നിരുപദ്രവകാരിയും വിചിത്രമായ ഭക്ഷണരീതിയുള്ള ആ കൊച്ചു ഏലിയനോട് അയാളങ്ങനെ അടുത്തുകൊണ്ടിരിക്കവേ യാദൃച്ഛികമായി ആ കൂട്ടുകെട്ടിലേക്ക് രണ്ട് വൃദ്ധകളും വന്നുചേരുന്നു.
ഒന്നും ഉരിയാടില്ലെങ്കിലും എല്ലാം മനസ്സിലാകുന്ന കണ്ണുകളുള്ള ആ ഏലിയനോട് ഒരു തെറാപ്പിസ്റ്റ് എന്ന പോലെ വർത്തമാനം പറയുന്ന ആ വൃദ്ധർക്ക് അവൻ മുറിവിനുള്ള മരുന്നായി, ഒറ്റപ്പെടലിനുള്ള ഉത്തരമായി, ആപത്തിലുള്ള സംരക്ഷകനായി. അങ്ങനെ ജീവിതത്തിന് പുതിയൊരു ലക്ഷ്യബോധം കൈവരിച്ച അവർ മൂവരും ആ അന്യഗ്രഹജീവിയുടെ പറക്കുംതളികയുടെ കേടുപാട് തീർക്കാൻ അവരാൽ കഴിയുന്നത് ചെയ്യുകയാണ്. തികച്ചും ഹൃദയം കൊണ്ട് കാണേണ്ടൊരു ചിത്രം.