Kingdom of Heaven
കിംഗ്ഡം ഓഫ് ഹെവന്‍ (2005)

എംസോൺ റിലീസ് – 1101

Download

12067 Downloads

IMDb

7.3/10

സുൽത്താൻ സലാഹുദ്ദീനും, ജെറുസലം രാജാവ് ബാൾഡ്വിനും തമ്മിൽ ആക്രമണ വിരുദ്ധ ഉടമ്പടി യോദ്ധാക്കളിലെ പ്രമുഖ പ്രഭു ആയിരുന്ന റെയ്നോൾഡ് (റെയ്നാൾഡ് ഓഫ് ഷാത്തിലിയൻ) പലവട്ടം ലംഘിക്കുകയുണ്ടായി. 1182-ൽ മുഹമ്മദ് നബിയുടെ മദീനയിലെ സമാധി മന്ദിരം തകർക്കാൻ സേനയെ അയച്ചതിനെ തുടർന്നും, മുസ്ലിം തീർത്ഥാടക സംഘത്തെ ആക്രമിച്ചു കൊന്നതിൻറെ പേരിലും റെനോൾഡിനെ വധിക്കാനായി കറക് ആക്രമണത്തിന് മുതിർന്ന സലാഹുദ്ധീൻ ജെറുസലം രാജാവായ ബാൾഡ്വിൻ നാലാമൻറെ അഭ്യർത്ഥന മാനിച്ചു യുദ്ധം ചെയ്യാതെ തിരിച്ചു പോയി. ബാൾഡ്വിൻ നാലാമൻ മരണപ്പെട്ടതിനെ തുടർന്ന് തടവിൽനിന്നും മോചിതനായ റെയ്നോൾഡ് 1186 ഇൽ ഹജ്ജ് സംഘത്തെ ആക്രമിച്ചു കൊലപ്പെടുത്തുകയും സ്ത്രീകളെ മാനഭംഗത്തിനിരയാക്കുകയും ചെയ്തതോടെ സലാഹുദ്ദീൻ ജെറുസലം ആക്രമണത്തിന് കോപ്പു കൂട്ടി. ബലാത്സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ടവരിൽ സലാഹുദ്ദീൻറെ സഹോദരിയുമുണ്ടായിരുന്നു.

1187 ജൂലൈ നാലിന് ഹിത്വീനിലെ ത്വബരിയ്യ മലഞ്ചെരുവിൽ വെച്ച് സലാഹുദീൻറെ സൈന്യവും, ജെറുസലം സൈന്യവും ഏറ്റുമുട്ടി. സലാഹുദ്ദീൻ മുളഫർ കുക്ബുരി, മുളഫർ ഉമർ അസ്സദു ശാം, എന്നിവരായിരുന്നു അറബ് സൈന്യനായകർ. ജെറുസലം രാജാവ് ഗൈ ഓഫ് ലൂസിഗ്നൻ, റെയ്‌മോൻഡ്, സേനാപ്രഭു റെയ്നോൾഡ് എന്നിവരായിരുന്നു യൂറോപ്യൻ പട നേതൃത്യം വഹിച്ചിരുന്നത്. അതി കഠിനമായ യുദ്ധത്തിൽ അറബ് സൈന്യം വിജയിച്ചു. റെയ്നോൾഡ് അടക്കമുള്ള നിരവധി പ്രഭുക്കൾ തടവുകാരായി പിടിക്കപ്പെട്ടു. രാജാവായ ഗയ്ക്ക് അഭയം നൽകിയെങ്കിലും ആക്രമണങ്ങൾക്കു നേതൃത്വം നൽകിയ റെയ്നോൾഡ്ൻെറ തല സലാഹുദ്ദീൻ നേരിട്ട് കൊയ്തു. തീർത്ഥാടക സംഘത്തെ ആക്രമിച്ച കുരിശ് സൈന്യത്തിലെ ഒരാളെ പോലും അവശേഷിപ്പിക്കാതെ മുഴുവനായും വാളിനിരയാക്കി.യൂറോപ്യൻ സൈന്യത്തെ കീഴടക്കിയതോടെ അറബ് സൈന്യം അക്ക, നാസിറ, ഹൈഫ, നാബുൾസ്, യാഫ, ബൈറൂത്ത്, ബത്ലേഹം, റംല നഗരങ്ങൾ കൂടി പിടിച്ചെടുത്തു ജെറുസലം ലക്ഷ്യമാക്കി നീങ്ങി. 1187 സെപ്റ്റംബറിൽ സലാഹുദ്ദീൻ ജെറുസലം ഉപരോധിക്കുകയും കോട്ടമതിൽ തകർത്തു വഴിയൊരുക്കുകയും ചെയ്തു. സലാഹുദ്ദീൻറെ മുന്നേറ്റം തടയാൻ അവശേഷിച്ചിരുന്ന കുരിശ് സൈന്യം ബേലിയന്റെ (ബാലിയൻ ഓഫ് ഇബിലിൻ) നേതൃത്വത്തിൽ പ്രതിരോധിക്കാൻ തയ്യാറെടുത്തു.