Life
ലൈഫ് (2017)

എംസോൺ റിലീസ് – 3284

Subtitle

8874 Downloads

IMDb

6.6/10

മനുഷ്യരാശി അന്നൊരു നാഴികക്കല്ല് പിന്നിടുകയായിരുന്നു. ഭൂമിയ്ക്ക് പുറത്തുള്ള ജീവന്റെ അനിഷേധ്യമായ തെളിവ് അവർ കണ്ടെത്തിയിരിക്കുന്നു! സ്ഫോടനാത്മകമായ ഈ കണ്ടെത്തല്‍ നടന്നിരിക്കുന്നത്, നാം ഇന്നുവരെ നിർമ്മിച്ചതിൽ വച്ചേറ്റവും ചിലവേറിയ ഭവനത്തിൽ വച്ചാണ്. ISS അഥവാ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ വെച്ച്. അന്നേ ദിവസം അതിലെ ആറ് ബഹിരാകാശയാത്രികരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ പിൽഗ്രിം ക്യാപ്സ്യൂൾ എന്ന പേടകം ചൊവ്വയിലെ മണ്ണിന്റെ സാമ്പിളുമായി ബഹിരാകാശനിലയത്തിലേക്ക് വന്നുചേർന്നു.

അപ്രതീക്ഷിതമായൊരു വെല്ലുവിളിയെ അതിജീവിച്ച് ആ സാമ്പിൾ കൈപ്പറ്റി അതിനെ നിലയത്തിൽ വച്ചുതന്നെ പഠിച്ചപ്പോൾ, ചൊവ്വാമണ്ണിൽ നിർജ്ജീവാവസ്ഥയിലുള്ള ഒരു ഏകകോശത്തെ കണ്ടെത്തി. താപമുയർത്തിയും അന്തരീക്ഷങ്ങൾ മാറ്റിയും അതിൽ പരീക്ഷണം നടത്തിയപ്പോൾ കണ്ടത് അന്യഗ്രഹജീവന്റെ ആദ്യ തുടിപ്പുകളായിരുന്നു! സുവാർത്തയറിഞ്ഞ് ലോകം ആവേശഭരിതമായി. ആ കൊച്ചുകോശത്തിന് കാൽവിനെന്ന് ഓമനപ്പേരിട്ട് അവർ മനുഷ്യകുലത്തിന്റെ ചുവടുവെപ്പ് ആഘോഷിച്ചു.

എന്നാൽ എല്ലാം നല്ല രീതിയില്‍ പോയിക്കൊണ്ടിരുന്നപ്പോഴാണ് കാൽവിൻ തന്റെ തനിനിറം കാട്ടിത്തുടങ്ങിയത്. തുടർപരീക്ഷണങ്ങൾക്ക് വിധേയമാക്കവേ ആ ജീവൻ കൂടുതൽ ആക്രമകാരിയാകാൻ തുടങ്ങി. അതോടെ ബഹിരാകാശനിലയത്തിലുള്ള ഏവരുടെയും ജീവിതം അവതാളത്തിലാകുന്നു. ചൊവ്വാജീവിയുടെ വേട്ട തുടങ്ങുകയായി!

പ്രശസ്തസിനിമയായ ഏലിയനോട് സമാനമായി, സയൻസ് ഫിക്ഷൻ സിനിമ എന്നതിനേക്കാൾ ഒരു ഹൊറര്‍ സിനിമ എന്ന രീതിയിൽ സമീപിച്ചാലാണ് ഈ ചിത്രം ഏറ്റവും നന്നായി ആസ്വദിക്കാനാവുക. കാരണം അത്രത്തോളം ഭീതിജനകവും ത്രില്ലടിപ്പിക്കുന്നതുമായ ഒട്ടനവധി രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് സിനിമ.