Lion of the Desert
ലയൺ ഓഫ് ദി ഡെസേർട്ട് (1980)

എംസോൺ റിലീസ് – 58

Download

2901 Downloads

IMDb

8.2/10

യൂറോപ്പിലെ സ്വന്തം അയൽ രാജ്യങ്ങളായ ബ്രിട്ടനും സ്പെയിനും ഫ്രാൻസും പോർച്ചുഗലും ഡച്ചും ജർമ്മനിയുമെല്ലാം ഏഷ്യയിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയും രാജ്യങ്ങളിൽ കോളനികൾ സ്ഥാപിച്ചു അവരുടെ അധീഷത്വം വിളിച്ചോതിയപ്പോഴൊക്കെ ആലസ്യത്തിലായിരുന്ന ഇറ്റലി, നൂറ്റാണ്ടുകൾ ലോകം അടക്കി ഭരിച്ച റോമാ സാമ്രാജ്യത്തിന്റെ പിന്തുടർച്ചക്കാരാവാൻ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി സർവ്വ സന്നാഹങ്ങളുമായി ഇറങ്ങിത്തിരിച്ചപ്പോൾ രാജ്യവും സ്വാതന്ത്ര്യവും എല്ലാം നഷ്ടപ്പെട്ടത് ആഫ്രിക്കൻ രാജ്യങ്ങളായ ലിബിയക്കും സോമാലിയക്കും എറിത്രിയക്കുമൊക്കെയായിരുന്നു.

1922-ൽ ഫാസിസത്തിന്റെ ഉപജ്ഞാതാവ് ബെനിറ്റോ മുസ്സോളിനി അധികാരത്തിൽ വന്നതോടെ ലോകം മുഴുവൻ കാൽക്കീഴിലാക്കണമെന്ന മോഹം ഇറ്റലിക്കും വന്നു തുടങ്ങി. പക്ഷേ, ലിബിയയിൽ… പാറ്റൻ ടാങ്കുകളും, യുദ്ധ വിമാനങ്ങളും അത്യാധുനിക യുദ്ധ വാഹനങ്ങളും തോക്കുകളും ബോംബുകളും മിസൈലുകളും എല്ലാം കൈമുതലായിട്ടുള്ള സർവ്വായുധ സജ്ജരായ ഇറ്റലിയുടെ നവയുഗ സൈന്യത്തിനെതിരെ ഒരു ചെറു സംഘം, ഒരു കൈയ്യിൽ തോക്കുമേന്തി കുതിരപ്പുറത്തേറി സ്വന്തം ജനതയെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി യുദ്ധക്കളത്തിലിറങ്ങി. ഒരു നവയുഗ സൈന്യത്തോട് ഏറ്റുമുട്ടി നിഷ്പ്രയാസം നിഷ്പ്രഭമാകുമെന്ന് വിധിയെഴുതിയ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ആ ചെറു സംഘം മുസ്സോളിനിയുടെ പട്ടാളത്തെ അടിമുടി വിറപ്പിച്ചു പോരാട്ടം തുടർന്നു. പലയിടത്തും ഇറ്റാലിയൻ സൈന്യം തകർന്നടിഞ്ഞു. എന്തുചെയ്യണം എന്നറിയാതെ ആശങ്കയിലായ മുസ്സോളിനി, ഒന്നിന് പിറകേ ഒന്നായി പുതിയ ഗവർണ്ണർമാരെ ലിബിയയിലേക്ക് അയച്ചുകൊണ്ടിരുന്നു. കാരണം, ആ ചെറുസംഘത്തിന്റെ ബുദ്ധി കേന്ദ്രം അതീവ യുദ്ധ തന്ത്രഞ്ജനായ ഒരു പടുവൃദ്ധനായിരുന്നു. ഗറില്ലാ യുദ്ധ മുറകളുമായി ഇറ്റാലിയൻ സൈന്യത്തെ നിഷ്പ്രഭമാക്കിയ അയാളുടെ യുദ്ധ തന്ത്രത്തിന് മുൻപിൽ ശത്രു സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്മാർ പോലും അക്ഷരാർത്ഥത്തിൽ അത്ഭുതപരതന്ത്രരായി നിന്നു. അദ്ദേഹത്തെ അവർ ആരാധനയോടെ “മരുഭൂമിയുടെ സിംഹം” എന്ന് വിളിച്ചു. അദ്ദേഹമായിരുന്നു ‘ഉമർ മുഖ്‌താർ’.. ഇത് അദ്ദേഹത്തിന്റെ കഥയാണ്. ഒരു ജനതയെ സ്വാതന്ത്ര്യം സ്വപ്നം കാണാൻ പഠിപ്പിച്ച ഉമർ മുഖ്‌താർ എന്ന സിംഹത്തിന്റെ കഥ.