Little Things Season 1
ലിറ്റിൽ തിങ്സ് സീസൺ 1 (2016)

എംസോൺ റിലീസ് – 2840

മുംബൈയില്‍ ലിവിംഗ് ടൂഗതര്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന ധ്രുവ്, കാവ്യ എന്നീ രണ്ടുപേരുടെ കഥയാണ് ‘ലിറ്റില്‍ തിങ്സ്.’ പറയുന്നത്.

യാത്രകളും, സുഹൃത്തുക്കളുമായുള്ള ഒത്തുചേരലും, ജോലിയുമൊക്കെയായി അവര്‍ അവരുടെ യൌവ്വനകാലം ആസ്വദിക്കുകയാണ്. സീരീസിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ, ധ്രുവിന്റെയും കാവ്യയുടെയും ജീവിതത്തിലെ ചെറിയ ചെറിയ സംഭവങ്ങള്‍, ഇണക്കങ്ങള്‍, പിണക്കങ്ങള്‍, തമാശകള്‍ ഒക്കെയാണ് കഥയുടെ ഇതിവൃത്തം.

സാധാരണ ഇന്ത്യന്‍ സീരിയലുകളിലെ പോലെ വീട്ടുകാരുടെയും ബന്ധുക്കാരുടെയും ഇടപെടലുകളോ നാടകീയമായ മുഹൂര്‍ത്തങ്ങളോ ഇല്ലാത്തത് കൊണ്ട് തന്നെ നിത്യജീവിതത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന കഥാസന്ദര്‍ഭങ്ങളാണ് ലിറ്റില്‍ തിങ്സ് നെ വ്യത്യസ്ഥമാക്കുന്നത്. ‘പഠിച്ചു ജോലി നേടിയാല്‍ പിന്നെ ഉടനേ കല്ല്യാണം’ എന്ന സ്ഥിരം സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി, ഭൂരിഭാഗം പേര്‍ക്കും ‘ദഹിക്കാന്‍’ ബുദ്ധിമുട്ടുള്ള ലിവിംഗ് ടൂഗതര്‍ കണ്‍സപ്റ്റ് നെ പ്രധാന കഥാതന്തുവാക്കിയത് ഏറെ ശ്രദ്ധേയമായ കാര്യം. വളരെ മനോഹരമായി തന്നെ ആ റിലേഷന്‍ഷിപ്പിനെ സീരീസില്‍ ഉടനീളം ചിത്രീകരിച്ചിട്ടുമുണ്ട്.

മിഥില പാല്‍ക്കര്‍, ധ്രുവ് സെഗാള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലിറ്റില്‍ തിങ്സിന്റെ ഒന്നാം സീസണ്‍, ഡൈസ് മീഡിയയുടെ യൂട്യൂബ് ചാനലിലൂടെ 2016 ല്‍ സംപ്രേഷണം ചെയ്യുകയും തുടർന്ന് നെറ്റ്ഫ്ലിക്സ് ഏറ്റെടുത്ത് രണ്ടാം സീസണ്‍ മുതല്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു.