Love in the Time of Cholera
ലൗവ് ഇന്‍ ദി ടൈം ഓഫ് കോളറ (2007)

എംസോൺ റിലീസ് – 710

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Mike Newell
പരിഭാഷ: വെള്ളെഴുത്ത്
ജോണർ: ഡ്രാമ, റൊമാൻസ്
Download

451 Downloads

IMDb

6.4/10

അലൻ പേറ്റന്റെ ‘കേഴുക പ്രിയ നാടേ‘, (സംവിധാനം : സോൾട്ടൻ കോർദാ) അലക്സാണ്ടർ സോൾഷെനിറ്റ്സ്വന്റെ ‘ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം‘, ( സംവിധാനം : കാസ്പർ റീഡ്) റ്റാഡിസ്റ്റാ സ്പിൽ മാന്റെ ‘പിയാനോ വാദകൻ‘ ( സംവിധാനം : റോമൻ പോളാൻസ്കി) ഴാങ് ഡൊമിനിക് ബാബിയുടേ ‘ ഡൈവിങ് കവചവും ചിത്രശലഭവും ( സംവിധാനം: ജൂലിയൻ ഷ്നാബെൽ) ചാൾസ് ഡിക്കൻസിന്റെ ‘ഒളിവെർ ട്വിസ്റ്റ്‘ (സംവിധാനം : പൊളാൻസ്കി) തുടങ്ങിയ അവലംബിത തിരക്കഥകൾ തയാറാക്കിയ റൊണാൾഡ് ഹാർവുഡാണ്,  മാർക്വേസിന്റെ ‘ കോളറാക്കാലത്തെ പ്രണയത്തിനും‘ തിരനാടകം തയാറാക്കുന്നത്. അദ്ദേഹം നാടകകൃത്തും നോവലിസ്റ്റും നാടക ചരിത്രകാരനുമൊക്കെയാണ്. മാർക്വേസ് ആദ്യമായി ഹോളിവുഡിലെത്തുന്നത് ഈ ചിത്രം വഴിയാണ്. 2007-ൽ. സ്റ്റോൺ വില്ലേജ് നിർമ്മാണക്കമ്പനി ഉടമ, സ്കോട്ട് സ്റ്റെയിൻഡോർഫ് മൂന്നു വർഷം കാത്തിരുന്നിട്ടാണ് നോവൽ സിനിമയാക്കാനുള്ള അനുവാദം മാർക്വേസിൽനിന്ന് നേടിയെടുത്തത്. താൻ മാറ്റൊരു ഫ്ലോറെന്റിനോയാണെന്ന് സ്കോട്ട്, മാർക്വേസിനെ ബോധ്യപ്പെടുത്തി, സിനിമയുടെ അനുവാദത്തിനായി എത്രനാൾ വേണമെങ്കിലും കാത്തിരിക്കും. 50 വർഷമെങ്കിൽ  50 വർഷം. 

‘കോളറാക്കാലത്തെ പ്രണയ‘ത്തിനു പുറമേ ‘ഇൻ ഇവിൾ അവറും‘, ‘ഓഫ് ലൗ ആൻഡ് അദർ ഡെമൻസും‘, ‘നോ വൺ റൈറ്റ്സ് ടു കേണലും‘  ചലച്ചിത്രങ്ങളായിട്ടുണ്ട്. (മാർക്വേസ് തന്നെ സ്ക്രിപ്റ്റ് എഴുതിയവ വേറേ) എന്നാൽ ലാറ്റിനമേരിക്കയ്ക്ക് പുറത്ത് തന്റെ നോവലുകൾക്ക് ഒരു ദൃശ്യപാഠം ഉണ്ടാവുന്നതിനെ എന്തുകൊണ്ടോ മാർക്വേസിന് ഒരു എതിരഭിപ്രായം ഉണ്ടായിരുന്നെന്നു തോന്നുന്നു. ‘കോളറാക്കാലത്തെ പ്രണയത്തെ‘ക്കുറിച്ചുള്ള ഒരു വിമർശനം കൊളംബിയൻ ചുറ്റുപാടിൽനിന്ന് അത് നേരെ ഡിക്കൻസിയൻ കാലത്തിലേക്ക് വച്ചു മാറ്റപ്പെട്ടു എന്നതാണ്. സംവിധായകൻ മൈക്ക് നെവെൽ ബ്രിട്ടീഷുകാരനാണ്. (ചാൾസ് ഡിക്കൻസിന്റെ ‘ദ ഗ്രേറ്റ് എക്സ്പെറ്റേഷനാ‘ണ് മൈക്കിന്റെ മറ്റൊരു ചിത്രം) അതുകൊണ്ടാണ് ചലച്ചിത്രത്തിലെ പ്രദേശങ്ങൾ കൊളംബിയ എന്നതിലുപരി കഴിഞ്ഞ നൂറ്റാണ്ടിലെ ബ്രിട്ടീഷ് പ്രദേശങ്ങളായിരിക്കുന്നത്. നോവലിനകത്തെ ദാർശനികമായ അടിയൊഴുക്കുകൾ വറ്റുകയും ലാറ്റിനമേരിക്കാൻ രാജ്യത്തിനുമേലുള്ള യൂറോപ്യൻ നോട്ടത്തിനു ചലച്ചിത്രത്തിൽ പ്രാധാന്യം വരികയും ചെയ്തിരിക്കുന്നു. കോളറക്കാലത്തെ പ്രണയം മുന്നിൽ വയ്ക്കുന്ന വൈകാരിക അനുഭൂതിയെ മറ്റൊരു ചിഹ്നവ്യവസ്ഥയിലേക്ക് പരിവർത്തിപ്പിക്കുന്നതിൽ ചലച്ചിത്രം വിജയിക്കുകയും ചെയ്തിട്ടുണ്ട്.  അനുകല്പന (അഡാപ്‌റ്റേഷൻ) കൾ അത്രയും മാത്രമേ ലക്ഷ്യമാക്കുന്നുള്ളൂ. 

കൗമാരകാലത്തു് ഫ്ലോറെന്റിനോ അരിസയ്ക്ക്, ( ജാവിയർ ബർദാം) ഫെർമിനാ ഡാസ (ജിയോവന്ന മെസോഗിർമോ) എന്ന സുന്ദരിപ്പെണ്ണിനോടുണ്ടായ ശക്തമായ പ്രണയത്തിന്റെയും അവളെ കിട്ടാനുള്ള അയാളുടെ 50 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെയും കഥയാണ്,  കോളറാക്കാലത്തെ പ്രണയം‘ പറയുന്നത്.

‘കോളറാക്കാലത്തെ പ്രണയത്തെ‘ 100 -ല്പരം വർഷങ്ങൾ മുൻപുള്ള കാല്പനികലോകത്തിലേക്ക് അനായാസം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്.