എം-സോണ് റിലീസ് – 2440
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Dorota Kobiela, Hugh Welchman |
പരിഭാഷ | അരുണ വിമലൻ |
ജോണർ | അനിമേഷൻ, അഡ്വഞ്ചർ, ഡ്രാമ |
വരച്ച ചിത്രങ്ങളെക്കാൾ പ്രണയിക്ക് മുറിച്ചു കൊടുത്ത ചെവിയാവണം വിൻസെന്റ് വാൻ ഗോഗിനെ പലരും ഓർക്കാൻ കാരണം. ജീവിതകാലത്ത് വെറും ഒരൊറ്റ ചിത്രം മാത്രം, അതും തുച്ഛമായ വിലയ്ക്ക് വിൽക്കാനായ, പരാജിതനായി സ്വയം ജീവനെടുത്ത ചിത്രകാരനെ അധികമൊന്നും ആളുകൾ അറിയുന്നുണ്ടാവില്ല.
ഹോളണ്ടിലെ പ്രശസ്തമായ വാൻ ഗോഗ് കുടുംബത്തിൽ ജനിച്ച വിൻസെന്റ്, ജനനം മുതൽ കുടുബത്തിന്റെ പ്രതീക്ഷകൾക്കൊത്ത് ജീവിക്കാൻ പാട് പെട്ടു. ഒടുവിൽ അനിയൻ തിയോയുടെ പിന്തുണയോടെ ഇരുപത്തേഴ് വയസ്സുള്ളപ്പോൾ വിൻസെന്റ് ചിത്രകാരനായി. ചിത്രം വരയിൽ മുഴുകി മറ്റെല്ലാം മറന്ന വിൻസെന്റ് മറ്റുള്ളവർക്ക് “ചുവന്ന മുടിയുള്ള ഭ്രാന്തൻ” ആയിരുന്നു.
ഒടുവിൽ ഒരു ഞായറാഴ്ച, ചിത്രം വരയ്ക്കാനായി ക്യാൻവാസും ബ്രഷുകളുമായി പോയ വിൻസെന്റ് തിരികെ വന്നത് വയറ്റിൽ ഒരു ബുള്ളറ്റുമായിട്ടാണ്.
മരിക്കുന്നതിന് മുൻപ് വിൻസെന്റ് അനിയൻ തിയോ വാൻ ഗോഗിന് എഴുതിയ കത്ത് അഡ്രസ്സിൽ ആളില്ലാത്തതിനാൽ അയച്ച ഇടത്തേയ്ക്ക് മടങ്ങി. പോസ്റ്റ്‌മാൻ റൂളിൻ, മകനായ അർമാൻഡിനെ തിയോയെ കണ്ടെത്തി കത്ത് ഏൽപ്പിക്കാൻ അയക്കുന്നു.
വിൻസെന്റിന്റെ വിചിത്രമായ ജീവിതവും, കാരണമറിയാത്ത ആത്മഹത്യയും പലരും പറഞ്ഞ പല കഥകളിലൂടെ അറിഞ്ഞ അർമാൻഡ്, ചിത്രകാരനെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നു.
വിൻസെന്റ്, അനിയൻ തിയോയ്ക്ക് അയച്ച നീണ്ട, മനോഹരമായ കത്തുകൾ അവസാനിക്കുക ഇങ്ങനെയായിരുന്നു: “Your Loving Vincent”. ആ കത്തുകളിലൂടെയാണ് വിൻസെന്റിന്റെ ജീവിതം ലോകം അറിയുന്നത്. ആ ജീവിതവും വിൻസെന്റിന്റെ മരണവും അർമാൻഡ് റൂളിന്റെ അന്വേഷണത്തിലൂടെ നമ്മൾ കാണുകയാണ് ഈ സിനിമയിൽ.
വിസ്മയിപ്പിച്ച ചിത്രകാരന്റെ വിഷാദം നിറം ചേർത്ത ജീവിതവും, വിചിത്രമായ മരണവും അതിമനോഹരങ്ങളായ ചിത്രങ്ങളായി ഇവിടെ കാണാം. വിൻസെന്റ് വാൻ ഗോഗിന്റെ തനതായ ശൈലിയിൽ ഒരു കൂട്ടം ചിത്രകാരന്മാർ ചേർന്ന് പെയിന്റ് ചെയ്ത 65,000 ഓയിൽ പെയിന്റിംഗ് ചിത്രങ്ങൾ ചേർത്താണ് ഈ അനിമേറ്റഡ് ഫീച്ചർ നിർമിച്ചത്. ഇതിൽ വിൻസെന്റ് പെയിന്റ് ചെയ്ത 120 ചിത്രങ്ങൾ വരുന്നുണ്ട്.