എം-സോണ്‍ റിലീസ് – 97
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Justin Chadwick |
പരിഭാഷ | പി. പ്രേമചന്ദ്രന് |
ജോണർ | ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി |
വര്‍ണ്ണവെറിയുടെ മൂര്‍ത്ത രൂപമായിരുന്ന ദക്ഷിണാഫ്രിക്കന്‍ അപ്പാര്‍ത്തീഡ് വ്യവസ്ഥിതിക്കെതിരെ കറുത്തവര്‍ഗ്ഗക്കാര്‍ നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഇതിഹാസ നായകന് നെല്‍സണ്‍ മണ്ടേലയുടെ അതെ പേരിലുള്ള ആത്മകഥയെ ആസ്പദമാക്കി വില്ല്യം നിക്കോള്‍സണ്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ബ്രിട്ടീഷ് നടന് ഇദ്രീസ് എല്‍ബാ മണ്ടേലയെ അവതരിപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ (മണ്ടേലയുടെ ജനനം 1918- ജൂലൈ 8-ന് ആയിരുന്നു) വര്‍ണ്ണ വിവേചനം കൊടുമ്പിരിക്കൊണ്ട നാളുകളില്‍ സൗത്ത് ആഫ്രിക്കയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച മണ്ടേലയുടെ കുട്ടിക്കാലവും സ്വാതന്ത്ര്യ ബോധത്തിലേക്ക് അന്നേ ഉണര്‍ന്നു വരാനിടയായ ഗോത്ര നിഷകര്‍ഷകളുടെയും ശിക്ഷണങ്ങളുടെയും നാളുകളും മുതലാണ് ചിത്രം ആരംഭിക്കുന്നത്. ചിത്രത്തില്‍ മിക്ക ഭാഗങ്ങളിലും മണ്ടേലയുടെ സ്വന്തം ശബ്ദമാണ് ശബ്ദ സാന്നിധ്യ (voice-over) മാവുന്നത്. ആഫ്രിക്കന്‍ നാഷണല്‍ കൊണ്ഗ്രസ്സി (ANC) ലെയ്ക്കും സ്വാതന്ത്ര്യ സമരങ്ങളുടെ മുന്നണിയിലേക്കുമുള്ള മണ്ടേലയുടെ കടന്നുവരവും, ഇരുപത്തേഴു വര്‍ഷം നീണ്ടു നിന്ന കാരാഗൃഹ വാസവും ചിത്രത്തില്‍ തീവ്രമായി അവതരിപ്പിക്കുന്നുണ്ട്.
വിന്നീ മണ്ടേല (നവോമി ഹാരിസ്) യുമായുള്ള പ്രണയവും വിവാഹവും കുടുംബവുമായുള്ള ഊഷ്മള ബന്ധവുമൊക്കെ കടന്നു വരുമ്പോഴും, ആരെയും കാണാനോ, ആരോടും എഴുത്തിലൂടെ പോലും ബന്ധം സ്ഥാപിക്കാനോ കഴിയാതെ പോയ ജയില്‍ ജീവിതകാലത്തും തന്റെ സ്വാതന്ത്ര്യമല്ല, ദക്ഷിണാഫ്രിക്കയിലെ മുഴുവന്‍ കറുത്ത വര്‍ഗ്ഗക്കരന്റെയും സ്വാതന്ത്ര്യമാണ് വിഷയം എന്ന് ഊന്നിപ്പറഞ്ഞ വിപ്ലവകാരിയെ ചിത്രത്തില്‍ കാണാം. അത് ഉറപ്പു വരുത്താന്‍ കഴിയാത്ത കാലത്തോളം തനിക്കു മാത്രമായി സ്വാതന്ത്ര്യം ആവശ്യമില്ല എന്ന മണ്ടേലയുടെ ഉറച്ച നിലപാടാണ് അപ്പാര്‍ത്തീഡ് ഗവണ്മെന്റിനെ ഒടുവില്‍ കറുത്ത വര്‍ഗ്ഗക്കരുമായി അധികാരം പങ്കിടുക എന്ന പരിഹാരത്തിലേക്കും മണ്ടേലയുടെ മോചനത്തിലേക്കും നിര്‍ബന്ധിതരാക്കുന്നത്. വിന്നിയുമായി അഭിപ്രായ വ്യത്യാസത്തിലേക്കും തുടര്‍ന്ന് വിവാഹ മോചനത്തിലേക്കും എത്തിക്കുന്നത് അക്രമാസക്തമായ നിലപാടുകളോട് പുറം തിരിയാനുള്ള മണ്ടേലയുടെ തീരുമാനം കൂടിയാണ്.
മണ്ടേലയുടെ എന്നത് പോലെ തന്നെ ആ കാലഘട്ടത്തിന്റെ കൂടി കഥയാണ് ചിത്രം പറയുന്നത്. സുദീര്‍ഘമായ ജയില്‍ വാസ കാലത്തും പുറത്തു നാട്ടില്‍ നടക്കുന്ന തുടിപ്പുകളൊക്കെയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നത് കൊണ്ട് തന്നെയാണ് അതൊക്കെയും തീവ്രമായിത്തന്നെ ചിത്രത്തില്‍ കടന്നു വരുന്നത്. പ്രസ്ഥാനത്തിന്റെയും അത് നടത്തിക്കൊണ്ടിരുന്ന സമരങ്ങളുടെയും തുടര്‍ച്ച തന്നെയായിരുന്നല്ലോ അദ്ദേഹത്തിന്റെ ജയില്‍ മോചനാനന്തര കാലത്തെയും നിര്‍വ്വചിച്ചത്. ചരിത്രം അത് ജീവിച്ചവര്‍ക്ക് മാത്രമല്ല, അതിന്റെ പിന്തുടര്ച്ചക്കാര്ക്ക് കൂടിയുള്ളതാണ് എന്നതാണ് ഓരോ ചരിത്ര പുരുഷനും ചരിത്ര സന്ധിയും നല്കുന്ന പാഠവും.
ചിത്രത്തില്‍ നിരൂപകര്‍ ഏറ്റവും കൂടുതല്‍ വാഴ്ത്തിയ ഘടകം ഇദ്രിസ് എല്ബയുടെ അഭിനയം തന്നെയാണ്. വിന്നിയായി അഭിനയിച്ച നവോമി ഹാരിസും ഏറെ പ്രശംസ നേടുകയുണ്ടായി.