എം-സോണ്‍ റിലീസ് – 2588
ഭാഷ | ഇംഗ്ലീഷ്, സ്വീഡിഷ് |
സംവിധാനം | Ari Aster |
പരിഭാഷ | മാജിത് നാസർ |
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി, |
നിനച്ചിരിക്കാതെ കേൾക്കുന്ന ശബ്ദങ്ങളോ, ഇരുട്ടിന്റെ പിൻബലമോ ഇല്ലാതെ ഭയം ഉണർത്താൻ ഒരു ഹൊറർ ചിത്രത്തിന് കഴിയുമോ?
കഴിയുമെന്നാണ് അറി ആസ്റ്ററിന്റെ മിഡ്സോമാർ പറയുന്നത്.
വിഷാദരോഗത്തിന് അടിമയായ ഡാനി എന്ന സൈക്കോളജി വിദ്യാർത്ഥിനിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അവളുടെ കാമുകനാണ് നരവംശ വിദ്യാർത്ഥിയായ ക്രിസ്റ്റ്യൻ. കൂട്ടുകാരൻ പെല്ലേയുടെ ക്ഷണപ്രകാരം, സ്വീഡനിൽ 90 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന, 9 ദിവസം ദൈർഘ്യമുള്ള മിഡ്സോമാർ ആഘോഷത്തിൽ പങ്കെടുക്കാൻ ക്രിസ്റ്റ്യനും, കൂട്ടുകാരും തീരുമാനിക്കുന്നു. ആ യാത്രയിലൂടെ ഡാനിയിൽ നിന്നും പൂർണ്ണമായി അകലാനും ക്രിസ്റ്റ്യന് പദ്ധതിയുണ്ട്. എന്നാൽ ക്രിസ്റ്റ്യന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഡാനിയും യാത്രയിൽ പങ്കുചേരുകയാണ്.
പേല്ലേയുടെ ഗ്രാമത്തിൽ എത്തുന്ന അവരെ കാത്തിരുന്നത് വിചിത്രമായ അനുഭവങ്ങളായിരുന്നു. ആ യാത്ര ചിത്രത്തിലെ കഥാപാത്രങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന വഴിത്തിരിവുകളാണ് മിഡ്സോമാറിന്റെ പ്രമേയം.
മ്യൂറൽ പെയിന്റിങ്ങുകളിലൂടെയും, ശബ്ദങ്ങളിലൂടെയും വലിയൊരു ക്യാൻവാസിലാണ് ആറി ആസ്റ്റർ മിഡ്സോമാർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലുടനീളം സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാതെ പിടിച്ചിരുത്തുന്ന നിഗൂഢമായ ഒരു ഫീലും
മിഡ്സോമാർ സമ്മാനിക്കുന്നു. സംഭാഷണങ്ങൾക്കും, ദൃശ്യങ്ങൾക്കും ചിത്രത്തിൽ വലിയ പ്രാധാന്യമുള്ളതിനാൽ പ്രേക്ഷകന്റെ പൂർണമായ ശ്രദ്ധ ചിത്രം ആവശ്യപ്പെടുന്നുണ്ട്.