No Other Land
നോ അദർ ലാൻഡ് (2024)
എംസോൺ റിലീസ് – 3455
ഭാഷ: | അറബിക് , ഇംഗ്ലീഷ് , ഹീബ്രു |
സംവിധാനം: | Yuval Abraham, Basel Adra, Hamdan Ballal |
പരിഭാഷ: | മുബാറക്ക് റ്റി എൻ |
ജോണർ: | ഡോക്യുമെന്ററി |
പലസ്തീൻ വെസ്റ്റ് ബാങ്കിലെ ഗ്രാമമായ മസഫർ യത്തയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശവും, അക്രമങ്ങളും, അനീതികളും പ്രമേയമാക്കി പലസ്തീനിയൻ സംവിധായകൻ ബേസിൽ അദ്ര, ഇസ്രായേലി പത്രപ്രവർത്തകൻ യുവാൽ എബ്രഹാം, പലസ്തീനിയൻ ചലച്ചിത്ര നിർമ്മാതാവായ ഹമാൻ ബല്ലാൽ, ഇസ്രായേലി ഛായാഗ്രാഹകയും എഡിറ്ററുമായ റേച്ചൽ സോർ എന്നിവർ ചേർന്ന് നിർമ്മിച്ച ഡോക്യുമെൻ്ററിയാണ് നോ അദർ ലാൻഡ്.
പലസ്തീനിയായ അദ്രയും ഇസ്രായേലിയായ യുവാലും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയും, തൻ്റെ 15 ആം വയസ്സ് മുതൽ ബേസിലും, മറ്റ് ഗ്രാമീണരും പകർത്തിയ അധിനിവേശ ദൃശ്യങ്ങളും ഇടകലർത്തിയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
തങ്ങളുടെ ഗ്രാമം ഈ ഭൂമിയിൽ നിലനിന്നിരുന്നുവെന്ന സത്യത്തെ ലോകമെമ്പാടുമറിയിക്കാൻ, സത്യത്തിനായുള്ള തങ്ങളുടെ പോരാട്ടത്തെ, ചെറുത്തുനിൽപ്പിനെ അടയാളപ്പെടുത്താൻ, സിനിമയെന്ന ശക്തമായ മാധ്യമം വഴി നിർമ്മാതാക്കൾക്ക് സാധിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം.
ഇസ്രയേലിൽ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് വേണ്ടി, മസഫർ യത്തയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന ഇസ്രയേൽ സർക്കാരിൻ്റെ നീക്കത്തെ, തങ്ങളാൽ കഴിയുന്ന വിധം ചെറുക്കുന്ന ഗ്രാമീണരുടെ ശാരീരിക മാനസിക സംഘർഷങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.
ബെർലിൻ ഫിലിം ഫെസ്റ്റിവൽ, യൂറോപ്യൻ ഫിലിം അവാർഡ്, അന്താരാഷ്ട്ര ഡോക്യുമെൻ്ററി ഫെസ്റ്റിവൽ, ഓസ്കാർ അവാർഡ് തുടങ്ങി എഴുപതോളം പുരസ്കാരങ്ങൾ ചിത്രം നേടുകയുണ്ടായി.
സ്വന്തം ഭൂമിയിൽ ജീവിക്കാനുള്ള അവകാശത്തിനായി പതിറ്റാണ്ടുകളായി കഷ്ടതകളനുഭവിക്കുന്ന ഒരു ജനതയുടെ പോരാട്ടത്തെ, മൈലുകൾക്ക് ഇപ്പുറത്ത് സുഖലോലുപരായി ഇരുന്നു കൊണ്ട് മതപരമായ വിഷയമായി വ്യാഖ്യാനിക്കുകയും, അതിലെ ജിയോ പൊളിറ്റിക്കൽ മാനങ്ങളെ സൗകര്യപൂർവ്വം മറക്കുകയും, അതു വഴി സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുകയും ചെയ്യുന്ന പലരുടെയും കണ്ണുതുറപ്പിക്കുന്ന ഡോക്യുമെൻ്ററിയാണിത്.