Normal People [Miniseries]
നോർമൽ പീപ്പിൾ [മിനി സീരീസ്‍ (2020)

എംസോൺ റിലീസ് – 3307

Download

7346 Downloads

IMDb

8.4/10

ഒരിക്കലും ശ്വാശ്വതമായി അടുക്കാത്ത രണ്ട് തോണികളിൽ സഞ്ചരിച്ചുകൊണ്ടേയിരുന്ന രണ്ട് കമിതാക്കളുടെ സ്കൂള്‍ കാലഘട്ടം മുതല്‍ കോളേജ് വരെയുള്ള ജീവിതകഥയാണ് നോർമൽ പീപ്പിൾ. ഇടയ്ക്കവർ അസാധാരണമായി ചിന്തിക്കും… മനസ്സിന്റെ ഓരോ തോന്നലുകളിൽ കെട്ടുപിണഞ്ഞ് പിരിയും, പിന്നെ ജീവിതവഴിയിൽ വീണ്ടും കണ്ടുമുട്ടും. ഓരോ കണ്ടുമുട്ടലിലും തങ്ങളുടെ ജീവിതത്തിൽ ഇനി ആരൊക്കെ കടന്നുവന്നാലും ഹൃദയത്തിന്റെ അടിത്തട്ടിൽ തങ്ങൾ പരസ്പരം ആരാണെന്ന് അടിവരയിടും. അസാധാരണക്കാരെന്ന് നമുക്ക് തോന്നുന്ന രണ്ട് സാധാരണ മനുഷ്യർ.

ഐയർലന്റിലെ ഒരു സ്കൂളിൽ നല്ല പോപ്പുലറായ കോണലും അതേ അന്തരീക്ഷത്തിൽ ഒതുങ്ങിജീവിച്ച അന്തർമുഖിയായ മറിയാനും തമ്മില്‍ ഇഷ്ടത്തിലാകുന്നു. എന്നാല്‍ ആ ബന്ധം മറ്റുള്ളവരിൽനിന്ന് മറച്ച് പിടിക്കാനാണ് അവർ തീരുമാനിച്ചത്. പക്ഷേ അതിനോട് അനുബന്ധിച്ച് അവരുടെ പ്രണയജീവിതത്തിൽ ഉണ്ടായ കല്ലുകടി മുന്നോട്ടുള്ള അനേകം പ്രതിബന്ധങ്ങളുടെ തുടക്കം മാത്രമായിരുന്നു. ഒറ്റനോട്ടത്തിൽ ഇത് രണ്ടുപേരുടെ ആത്മബന്ധത്തിന്റെ കഥയാണെന്ന് പറയാമെങ്കിലും അതിനുമപ്പുറം ഒരുപാട് വിഷയങ്ങൾ ഇത് പറഞ്ഞുപോകുന്നുണ്ട്. യൗവനത്തിലെ മാനസ്സികാരോഗ്യവും ലൈംഗിക അഭിരുചിയും ബുള്ളിയിങ്ങും അപകർഷതാബോധം മൂലമുണ്ടാവുന്ന ബന്ധങ്ങളിലെ വെല്ലുവിളിയുമൊക്കെ തികച്ചും നോർമലായി കാണിച്ചിരിക്കുന്നു.

പതിഞ്ഞ താളത്തിൽ പോകുന്ന ഈ ഡ്രാമയുടെ ഒപ്പത്തിനൊപ്പം സഞ്ചരിക്കാൻ കഴിയുന്നവരെ കാത്തിരിക്കുന്നത് ഇതുവരെ കണ്ടില്ലാത്തതരം ഫ്രഷായിട്ടുള്ള ഒരു കാഴ്ചാനുഭവമാണ്. ഇതേ പേരിലുള്ള നോവലിനോട് നീതി പുലര്‍ത്തുന്ന ആവിഷ്കാരവും സിനിമാറ്റോഗ്രാഫിയും മ്യൂസിക്കും പ്രധാന അഭിനേതാക്കളുടെ മികവും ഒന്നുചേരുമ്പോൾ… റൊമാന്റിക് ജോണറിലെ തികച്ചും വ്യത്യസ്തമായ ഒരു മിനിസീരിസ്. ന്യൂഡിറ്റിയും ലൈംഗികരംഗങ്ങളും ഉള്ളതിനാല്‍ പ്രായപൂർത്തിയായവർ മാത്രം കാണാന്‍ ശ്രദ്ധിക്കുക.