എം-സോണ്‍ റിലീസ് – 747
ക്ലാസ്സിക് ജൂണ്‍ 2018 – 1
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Milos Forman |
പരിഭാഷ | അഖില പ്രേമചന്ദ്രൻ |
ജോണർ | ഡ്രാമ |
താളവട്ടം മലയാളികൾ ഇന്നും നെഞ്ചേറ്റുന്ന ചിത്രമാണ്. ആ സിനിമ ചെയ്യാൻ പ്രിയദർശന് പ്രചോദനമായത് മിലോസ് ഫോർമാന്റെ സംവിധാനത്തിൽ 1975ൽ പുറത്തിറങ്ങിയ വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് ആയിരുന്നു. ഓസ്കർ ചരിത്രത്തിൽ പ്രധാന അഞ്ചു പുരസ്കാരങ്ങളും സ്വന്തമാക്കിയ അപൂർവം സിനിമകളിൽ ഒന്നാണ് വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് . മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി, തിരക്കഥ എന്നീ വിഭാഗങ്ങളിൽ നേടിയ പുരസ്‌കാരം എല്ലാ അർത്ഥത്തിലും സിനിമ അർഹിക്കുന്നു.
മാനസികാരോഗ്യ കേന്ദ്രത്തിലാണ് കഥ നടക്കുന്നത്. ജോലി ചെയ്യാൻ മടിയുള്ള ഒരു ചെറു കുറ്റവാളി ഭ്രാന്ത് അഭിനയിച്ച് ജയിലിൽനിന്ന് ഈ കേന്ദ്രത്തിലെത്തുന്നതാണ് കഥയുടെ തുടക്കം. എല്ലാ രോഗികളെയും അടുത്തറിയുന്ന അടുത്തറിയുന്ന അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്ന നഴ്‌സ് റാചെഡ് (ലൂയിസ് ഫ്ലെച്ചർ) എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രങ്ങളിൽ ഒന്നായി മാറുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുമായി ചങ്ങാത്തത്തിലാകുന്ന നായകൻ മക്മർഫി അവർക്കായി സ്വാതന്ത്ര്യത്തിന്റെ ലോകവും തുറന്നിടുന്നു. നഴ്‌സ് റാച്ചഡിന്റെ നിയമങ്ങളെ ചോദ്യം ചെയ്യാൻ പോലും മറ്റുള്ളവർ ഒരു ഘട്ടത്തിൽ തയാറാകുന്നു.
മികച്ച സംവിധാനവും ഉറപ്പുള്ള തിരക്കഥയും മാത്രമല്ല അതുല്യരായ ഒരുപറ്റം അഭിനേതാക്കളും ചിത്രത്തെ മികവുറ്റതാക്കുന്നു. യഥാർത്ഥ മനോരോഗ ആശുപത്രിയിൽ ചിത്രീകരിച്ചിരിക്കുന്നതിനാൽ പലപ്പോഴും അവിടുത്തെ ശരിക്കുള്ള അന്തേവാസികൾ സിനിമയുടെ ഭാഗമായിട്ടുണ്ട്. അക്കാലത്ത് സംവിധായകൻ എടുത്ത വലിയ റിസ്ക് തന്നെ ആയിരുന്നു അത്. ചിത്രത്തിലെ പല അഭിനേതാക്കളും ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നവരായിരുന്നു. എന്നാൽ അങ്ങനെ നമുക്ക് ഒരിക്കലും തോന്നുകയുമില്ല. തമാശകളും കളിചിരികളും നിറഞ്ഞ ഹൃദയസ്പർശിയായ ചിത്രം ഇതേ പേരിൽ കെൻ കെസി എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്.