എംസോൺ റിലീസ് – 3273
ഏലിയൻ ഫെസ്റ്റ് – 03
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Guillermo del Toro |
പരിഭാഷ | ജിതിൻ ജേക്കബ് കോശി |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ |
ഗ്രഹാന്തരജീവനെക്കുറിച്ച് ആലോചിച്ച് നക്ഷത്രങ്ങളിലേക്ക് മിഴി നട്ടിരുന്ന മനുഷ്യന്റെ മുന്നിലേക്ക് അന്യഗ്രഹജീവികൾ കടന്നുകയറിയത് പസഫിക് സമുദ്രത്തിന്റെ അധോഭാഗങ്ങളിൽ നിന്നാണ്. കടലിന്റെ അടിത്തട്ടിലെ വിള്ളലിൽ നിന്ന് തുടരെത്തുടരെ ഭീമാകാരന്മാരായ കടൽസത്വങ്ങൾ കരയിലേക്ക് കേറി. ലക്ഷക്കണക്കിന് ജീവനുകൾ ആ കൈജുക്കളുടെ ആക്രമണത്തില്‍ പൊലിഞ്ഞു. പക്ഷേ തുടക്കത്തിലെ ഞെട്ടലിന് ശേഷം അവരെ എതിരിടാന്‍ രാജ്യങ്ങൾ ഒത്തുചേർന്ന് യന്ത്രഭീമന്മാരെ ഉണ്ടാക്കി. യേഗറുകൾ!
കൈജുക്കൾ വീണുതുടങ്ങി. യേഗറുകളെ നിയന്ത്രിക്കുന്ന പൈലറ്റുമാർ വീരനായകരായി. എന്നാല്‍ ആ വിജയത്തിന് അധികം ആയുസ്സുണ്ടായില്ല. അന്യഗ്രഹജീവികൾ മറുതന്ത്രം പയറ്റിയപ്പോൾ യേഗറുകൾക്കും കാലിടറി. അനിവാര്യമായ ലോകാവസാനം പടിക്കൽ നിൽക്കുന്ന ഈ വേളയിൽ ജിപ്സി ഡേഞ്ചറും മറ്റ് യേഗറുകളും അന്തിമയുദ്ധത്തിന് ഒരുങ്ങുകയാണ്. ഇത്തവണ കടലിൽ നിന്നുള്ള ഭീമന്മാരെ എന്നെന്നേക്കുമായി തുരത്തുന്നതിനൊപ്പം മനുഷ്യർക്ക് ചുരുളഴിക്കേണ്ടത്, കൈജുക്കളുടെ ആക്രമണത്തിന്റെ രഹസ്യം കൂടിയാണ്.
ത്രില്ലടിച്ച് കാണാവുന്ന മോൺസ്റ്റർ ആക്ഷൻ രംഗങ്ങളും അതിനൊപ്പം എടുത്തുനിൽക്കുന്ന രോമാഞ്ചമുണർത്തുന്ന പശ്ചാത്തലസംഗീതവും ഞെരിപ്പൻ ഗ്രാഫിക്സും, എല്ലാത്തിനുമുപരി ഗില്ലെർമോ ഡെൽ ടോറോ എന്ന പ്രശസ്തന്റെ സംവിധാനവും! പ്രതിസന്ധികളിൽ തളരാത്ത മനുഷ്യരാശിയുടെ പോരാട്ടമികവിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് ഈ സാങ്കല്പിക കഥാവിഷ്ക്കാരം.