എംസോൺ റിലീസ് – 3274
ഏലിയൻ ഫെസ്റ്റ് – 04
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Greg Mottola |
പരിഭാഷ | ജിതിൻ ജേക്കബ് കോശി |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, കോമഡി |
ഏരിയ 51. കഥകളെ വെല്ലും നിഗൂഢതകൾ നിറഞ്ഞയിടം. ഭൂമിയില്‍ തകര്‍ന്നുവീണ ഒരു പറക്കുംതളിക അവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും, ഇപ്പോഴവിടം അന്യഗ്രഹ സാങ്കേതിക വിദ്യയെക്കുറിച്ച് ഗവേഷണം നടത്തുന്ന ഇടമാണെന്നും, അമേരിക്കയുടെ ഒരു രഹസ്യ ഭൂഗര്‍ഭ സൈനിക കേന്ദ്രമാണെന്നും ഒക്കെ വിശ്വസിക്കുന്നവരുണ്ട്. നിങ്ങളൊരു സത്യാന്വേഷിയാണോ? അല്ലെങ്കില്‍ സാഹസികതകൾ ഇഷ്ടപ്പെടുന്നവനാണോ? എങ്കിൽ എരിയ 51 നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടാം.
അത്തരത്തില്‍ ഇംഗ്ലണ്ടിൽ നിന്നുള്ള മധ്യവയസ്കരായ രണ്ട് ഫാൻബോയ്സ് അവരുടെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന ഏരിയ 51 സന്ദർശിക്കാൻ നെവാഡ മരുഭൂമിയില്‍ എത്തിയതാണ്. അവിടെ വെച്ചാണ് അവർ ഗവൺമെന്റ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട് ഓടിവരുന്ന പോൾ എന്ന വിടുവായനായ ഒരന്യഗ്രഹജീവിയെ കാണുന്നത്. അവന്റെ നിസ്സഹായവസ്ഥയിൽ ഈ ബ്രിട്ടീഷുകാർ അവനെ സ്വന്തം ഗ്രഹത്തിലെത്താൻ സഹായിക്കാമെന്ന് അരമനസ്സോടെ സമ്മതിക്കുന്നു. അങ്ങനെ ഗവൺമെന്റ് ഏജന്റുകളുടെയും ഒരു മതഭ്രാന്തന്റെയും കൈയില്‍ പെടാതെ ഒരു ക്യാരവാനിൽ അവർ നെട്ടോട്ടമോടുകയാണ്.
രസകരമായ സംവാദങ്ങളും പോപ്പ്-കൾച്ചർ റഫറന്‍സുകളും, ഏലിയനും അവന്റെ സഹയാത്രികരും തമ്മിലുള്ള ഊഷ്മളമായ സൗഹൃദത്തിന്റെ കഥയും പറയുന്ന ഈ രസികൻ റോഡ് മൂവി പക്ഷേ കുട്ടികള്‍ക്ക് വെച്ച് കൊടുക്കാതിരിക്കുക. അവർ കാണാന്‍ പാടില്ലാത്ത രംഗങ്ങളൊന്നും ഇല്ലെങ്കിലും കേൾക്കാൻ പാടില്ലാത്ത സംഭാഷണങ്ങൾ ഏറെയുണ്ട്. പക്ഷേ പ്രായപൂർത്തിയായവർക്ക് ഇതൊരു വിരുന്ന് തന്നെയാകും.