• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Planet Earth: Season 1 / പ്ലാനെറ്റ് എര്‍ത്ത്: സീസണ്‍ 1 (2006)

September 11, 2014 by Vishnu

എം-സോണ്‍ റിലീസ് – 73

പോസ്റ്റർ: നിഷാദ് ജെ. എൻ
ഭാഷഇംഗ്ലീഷ്
നിർമ്മാണംBBC Natural History Unit
പരിഭാഷഅവര്‍ കരോളിന്‍
ജോണർഡോക്യുമെന്ററി

9.4/10

Download

ഇതു വരെ കാണാത്ത നമ്മുടെ ഗ്രഹത്തിന്റെ ഏറ്റവും വന്യതയിലേക്ക് നിങ്ങളെ കൊണ്ടുപോകും എന്ന ഡേവിഡ് ആറ്റൻ ബറോയുടെ പ്രൗഢവും ഗംഭീരവുമായ വിവരണത്തോടെയാണ് പ്ലാനറ്റ് എർത്തിന്റെ ഒന്നാം അദ്ധ്യായമായ ഫ്രം പോൾ ടു പോൾ ആരംഭിക്കുന്നത്. അവിടം മുതൽ നാം അനുഭവിച്ചിട്ടില്ലാത്ത ജൈവപ്രകൃതിയുടെ മടിത്തട്ടിലൂടെയുള്ള പ്രയാണം ആരംഭിക്കുകയാണ്. ദശലക്ഷക്കണക്കിന് വർഷങ്ങളായി പരിണാമത്തിന്റെ പല ഘട്ടങ്ങളിലൂടെ പടിപടിയായി സംഭവിച്ച മാറ്റങ്ങളും വടുക്കളും ഉൾക്കൊണ്ട് അനുകൂലനങ്ങളും പാർശ്വഫലങ്ങളും പേറുന്ന, ഫംഗസുകളും ബാക്ടീരിയകളിലും തുടങ്ങി, ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം വരെ അതു നീളുന്നു. ഏഴു ഭൂഖണ്ഡങ്ങളിലായി എത്രയോ രാജ്യങ്ങളിലായി പർവ്വതങ്ങളും സമുദ്രങ്ങളും നീരുറവകളും വെള്ളച്ചാട്ടങ്ങളും കടന്ന് സമതലങ്ങളും പുൽമേടുകളും താണ്ടി, ദ്വീപുകളും അഗ്നി പർവ്വതങ്ങളും കടന്ന്, ചുട്ടുപൊള്ളുന്ന മരൂഭൂമികളിലൂടെ നിലത്ത് പ്രകാശമെത്താത്ത വൻ മരങ്ങൾ നിറഞ്ഞ കാടിന്റെ വന്യതയിലൂടെ, സമുദ്രത്തിന്റെ ഏറ്റവും അടിത്തട്ടിലേക്കെല്ലാമുള്ള യാത്ര, അതാണ് പ്ലാനറ്റ് എർത്ത്. ഋതുക്കൾ മാറിമറിയുന്നു. ഗ്രീഷ്മവും, ശൈത്യവും, വർഷവും, വസന്തവും മാറി വരുന്നു. സൂര്യൻ കത്തുന്ന പകലുകൾ, താരാപഥങ്ങൾ നിറഞ്ഞ രാത്രി, ആകാശം, ജീവികൾ എവിടെയുമുണ്ടാകാം, നമുക്ക് സങ്കല്പിക്കാൻ പോലും കഴിയാത്തിടത്ത് വരെ. അസാധാരണം, അവിസ്മരണീയം, പ്ലാനറ്റ് എർത്ത്.

2006-ൽ ബിബിസി നാച്ചുറൽ ഹിസ്റ്ററി യൂണിറ്റ് നിർമ്മിച്ച ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് പ്ലാനറ്റ് എർത്ത്. അഞ്ചുവർഷത്തെ നിർമ്മാണത്തിൽ, ബി‌ബി‌സി നിയോഗിച്ച ഏറ്റവും ചെലവേറിയ പ്രകൃതി ഡോക്യുമെന്ററിയും 71 ഓളം ക്യാമറാ പ്രവർത്തകർ ലോകത്തിന്റെ ഏഴു വൻകരകളിലെ 204 സ്ഥലങ്ങളിൽ അഞ്ചു വർഷങ്ങൾ (2002-2006) കൊണ്ട് ചിത്രീകരിച്ച ആദ്യത്തെ പരമ്പരയും ആയിരുന്നു ഇത്. നാല് എമ്മി അവാർഡുകൾ, ഒരു പീബൊഡി അവാർഡ്, റോയൽ ടെലിവിഷൻ സൊസൈറ്റിയുടെ അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അവാർഡുകൾ ഈ പരമ്പരയ്ക്ക് ലഭിച്ചു. പ്ലാനറ്റ് എർത്ത് 2006 മാർച്ച് 5 ന് യുണൈറ്റഡ് കിംഗ്ഡത്തിൽ ബിബിസി വണ്ണിൽ പ്രദർശിപ്പിച്ചു. 2007 ജൂൺ ആയപ്പോഴേക്കും 130 രാജ്യങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. ആദ്യത്തെ ഹൈ ഡെഫനീഷൻ നേച്ചർ സീരീസ് ആയിരുന്നു ഇത്. ഫ്രം പോൾ ടു പോൾ, മൗണ്ടൻസ്, ഫ്രഷ് വാട്ടർ, കേവ്സ്, ഡെസേർട്ട്സ്, ഐസ് വേൾഡ്സ്, ഗ്രേറ്റ് പ്ലെയ്ൻസ്, ജംഗിൾസ്, ഷാലോ സീസ്, സീസണൽ ഫോറസ്റ്റ്സ്, ഓഷ്യൻ ഡീപ്പ് എന്നിങ്ങനെ 11 എപ്പിസോഡുകളാണ് പ്ലാനറ്റ് എർത്ത് വണ്ണിലുള്ളത്.

2006 നു ശേഷം പത്തു വർഷം കഴിഞ്ഞ് 2016 ലാണ് പ്ലാനറ്റ് എർത്തിന്റെ രണ്ടാം ഭാഗം വരുന്നത്. ഇതിനൊടൊപ്പം ഷൂട്ടിംങ്ങ് രീതികളും കാണിക്കുന്നുണ്ട്. പരുന്തിനൊപ്പം പറന്നു ഷൂട്ട് ചെയ്ത ടീമുകൾ വരെയുണ്ട്. ദ്യശ്യ വിരുന്ന് എന്ന സാഹിത്യഭാഷ ഇതിനു പോരാതെ വരും. മഡഗാസ്കർ വനത്തിൽ മഴ ചെയ്യുന്ന ഒറ്റ രംഗം മാത്രം കണ്ടാൽ അതു ബോധ്യമാകും. ബിബിസി വണ്ണിലും ബിബിസി വൺ എച്ച്ഡിയിലുമാണ് രണ്ടാം ഭാഗം സ്ട്രീം ചെയ്തത്. ശേഷം ബിബിസി എർത്തിൽ ചില കൂട്ടിച്ചേർക്കലുകളോടെ ലോകവ്യാപകമായി പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഐലൻഡ്സ്, മൗണ്ടൻസ്, ജംഗിൾസ്, ഡെസേർട്ട്സ്, ഗ്രാസ്ലാൻഡ്സ്, സിറ്റീസ് എന്നിങ്ങനെ 6 എപ്പിസോഡുകളാണ് രണ്ടാം ഭാഗത്തിലുള്ളത്. ഒരധ്യാപകന്റെ കൃത്യതയോടെ ഡേവിഡ് ആറ്റൻ ബറോയുടെ വിവരണം എടുത്തു പറയേണ്ട ഘടകമാണ്. BBC കൺസേർട്ട് ഓർക്കസ്ട്രയുടെ ഹൃദ്യവും മനോഹരവുമായ പശ്ചാത്തല സംഗീതം കമ്പോസ് ചെയ്തത് ജോർജ്ജ് ഫെൻഷൻ ആണ്.

ശേഷം ഡേവിഡ് ആറ്റൻബറോ അവതരിപ്പിച്ച ദി ബ്ലൂ പ്ലാനറ്റ്, ഫ്രോസൺ പ്ലാനറ്റ്, പ്ലാനറ്റ് എർത്ത് ദ ഫ്യൂച്ചർ എന്നിവയും ഇതേ ദൃശ്യവിസ്മയവും ചാരുതയും നിലനിർത്തി. കാഴ്ച്ചയോടൊപ്പം തീരാത്ത അറിവുകളുടെ ജാലകം കൂടിയാണ് പ്ലാനറ്റ് എർത്ത്. പ്രത്യേകിച്ചും ഒരു വിദ്യാർത്ഥിയുടെ ചിന്താരീതിയെത്തന്നെ സ്വാധീനിക്കാൻ അതിനു കഴിയും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Documentary, English Tagged: Our Caroline

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]