എം-സോണ്‍ റിലീസ് – 383
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Russell Mulcahy |
പരിഭാഷ | ഫ്രെഡി ഫ്രാന്‍സിസ് |
ജോണർ | ബയോഗ്രഫി, ഡ്രാമ, റൊമാൻസ് |
1983ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച ഈ സിനിമ ബോബി ഗ്രിഫിത്ത് എന്ന ഇരുപതു വയസുകാരന്‍റെയും അമ്മ മേരി ഗ്രിഫിത്തിന്‍റെയും മാനസിക സംഘർഷങ്ങിലൂടെ പ്രേക്ഷകരെ കൈപിടിച്ചു കൊണ്ടുപോകുന്ന ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ബൈബിളിനെ അക്ഷരാർത്ഥത്തിൽ പിൻതുടർന്നു പോകുന്ന ഒരു കൃസ്തീയ ഭവനത്തിലെ എല്ലാവരുടെയും പൊന്നോമനയായ ബോബി എന്ന കൗമാരക്കാരൻ താനൊരു സ്വവർഗ്ഗാനുരാഗിയാണെന്നു തിരിച്ചറിയുകയും സ്വവർഗ്ഗലൈംഗികത പാപമാണെന്നു വിശ്വസിക്കുന്ന അവന്‍റെ വീട്ടുകാർ അവനെ ചികിത്സിച്ചു ഭേദമാക്കാൻ ശ്രമിക്കുകയും അതിനെ തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് കഥയുടെ ആധാരം. ഒരു അമ്മയും മകനും തമ്മിലുള്ള ബന്ധം ഇത്രയും ആഴത്തിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമകൾ കുറവാണ്. വ്യക്തികളെ അവർ ആയിരിക്കുന്ന അവസ്ഥയിൽ ഉൾക്കൊള്ളുതിനു പകരം നമുക്കു സ്വീകാര്യമായ അവസ്ഥയിലേയ്ക്ക് അവർ മാറണമെന്ന് വാശിപിടിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകൾ നമുക്ക് ഇതിൽ കാണാൻ കഴിയും. സ്വവർഗ്ഗാനുരാഗികളുളെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നീക്കങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് മേരി ഗ്രിഫിത്ത്. “നിങ്ങളുടെ ഭവനങ്ങളിൽ ആമേൻ എന്ന് ഉരുവിട്ട് പ്രാർത്ഥിക്കുന്നതിനു മുൻപ് ഒരു കുഞ്ഞ് ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് ഓർക്കുക” എന്നുള്ള മേരി ഗ്രിഫിത്തിന്‍റെ വാക്കുകളിലാണ് സിനിമ അവസാനിക്കുന്നത്.