എം-സോണ്‍ റിലീസ് – 417
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Mira Nair |
പരിഭാഷ | മോഹനൻ കെ.എം |
ജോണർ | ഡ്രാമ, സ്പോർട് |
മീരാ നായരുടെ സംവിധാനത്തില്‍ നാല് വര്‍ഷത്തിന് ശേഷമെത്തിയ ചിത്രമാണ് ക്വീന്‍ ഓഫ് കാറ്റ്‌വേ. ഉഗാണ്ടയിലെ കറ്റാവയിലുളള ചേരിയില്‍ നിന്നും ലോകചെസ് വേദിയിലെത്തിയ ഫിയോണ മുടേസിയുടെ ജീവിതമാണ് ചിത്രത്തിന് ആധാരം. 2012ല്‍ ഇഎസ്പിഎന്നില്‍ പ്രസിദ്ധീകരിച്ച എ ക്വീന്‍ ഓഫ് കാറ്റ്‌വേ,സ്റ്റോറി ഓഫ് ലൈഫ്, ചെസ്സ് എന്ന പരമ്പരയെ ഉപജീവിച്ചാണ് സിനിമ. വാണിജ്യസിനിമയുടെ പതിവ് നായക-നായികാ സങ്കല്‍പ്പങ്ങളെ തോളേറ്റുന്നതാണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ജീവചരിത്ര സിനിമകള്‍ ഏറെയും. മുന്നേറിയ വഴികളിലും എത്തിപ്പിടിച്ച നേട്ടത്തിലുമുള്ള അസാധാരണത്വമെന്നതിനപ്പുറം ഫിയോണ മുടേസിയുടെ ജീവിതകഥയിലൂടെ അവരുള്‍പ്പെടുന്ന സാമൂഹ്യക്രമത്തെ രാഷ്ട്രീയമായി വ്യഖ്യാനിക്കുക കൂടിയാണ് മീരാ നായര്‍.അതിഗംഭീര പ്രകടനങ്ങളാല്‍ കഥാപാത്രങ്ങളെ ഭാവഭദ്രമാക്കിയ അഭിനേതാക്കള്‍ കൂടിയാണ് ഈ സിനിമയുടെ സവിശേഷത. 12 ഇയേഴ്‌സ് എ സ്ലേവിലൂടെ ഓസ്‌കാര്‍ ലഭിച്ച ലുപിറ്റാ ന്യോംഗോയാണ് ഫിയോണയുടെ അമ്മയുടെ റോളില്‍.സ്‌പോര്‍ട് ഡ്രാമാ ഗണത്തിലോ, മോട്ടിവേഷണല്‍ ഡ്രാമാ ഗണത്തിലോ ഒതുങ്ങാതെ ആവിഷ്‌കാര മികവിനാല്‍ സവിശേഷമായ ആസ്വാദനാനുഭവം ഒരുക്കും ക്വീന്‍ ഓഫ് കാറ്റ് വേ. ഹൃദയത്തോട് നേരിട്ട് സംവദിക്കും വിധം ലളിതവും സരളുമായ അവതരണത്താല്‍ കൂടിയാണ് ക്വീന്‍ ഓഫ് കാറ്റ്‌വേ മികച്ച ചിത്രമായത്. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമകളിലൊന്നാണ് ക്വീന്‍ ഓഫ് കാറ്റ്‌വേ