Rick and Morty Season 1
റിക്ക് ആൻഡ് മോർട്ടി സീസൺ 1 (2013)

എംസോൺ റിലീസ് – 2639

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Williams Street
പരിഭാഷ: മാജിത്‌ നാസർ
ജോണർ: അഡ്വെഞ്ചർ, അനിമേഷൻ, കോമഡി
Download

2229 Downloads

IMDb

9.1/10

2013ൽ കാർട്ടൂൺ നെറ്റ്‌വർക്ക് വഴി സംപ്രേഷണം ചെയ്യപ്പെട്ട അമേരിക്കൻ അഡൾട്ട് അനിമേഷൻ സിറ്റ്കോമാണ് റിക്ക് ആൻഡ് മോർട്ടി. റിക്ക് സാഞ്ചസ് എന്ന അപ്പൂപ്പന്റെയും, മോർട്ടി സ്മിത്ത് എന്ന കൊച്ചുമകന്റെയും സാഹസങ്ങളാണ് സീരീസിന്റെ ഇതിവൃത്തമെന്ന് ഒറ്റ വാക്കിൽ പറയാം.

അപ്പൂപ്പൻ എന്നൊക്കെ കേൾക്കുമ്പോൾ സ്വാഭാവികമായും ചെറുമകനോട് കരുതലും, സ്നേഹവുമുള്ള ഒരു രൂപമാകും മനസ്സിലേക്ക് ഓടി വരിക. എന്നാൽ റിക്കിന്റെ കാര്യത്തിൽ ഈ വിവരണം തീരെ ചേരില്ല. ശാസ്ത്രത്തിൽ അഗാധ പ്രാവീണ്യമുള്ള, കള്ളുകുടിയനും, സകല തെമ്മാടിത്തരവും കയ്യിലുള്ള, ആരേയും കൂസാത്ത ഒരു കഥാപാത്രമാണ് നമ്മുടെ റിക്ക്. ഇതൊക്കെ ആണെങ്കിലും പുള്ളിക്ക് സയൻസ് എന്നാൽ ജീവനാണ്.

റിക്കിന്റെ സാഹസിക യാത്രകളിൽ അയാളുടെ സ്ഥിരം പങ്കാളിയാണ് മോർട്ടി. ഒരു അസിസ്റ്റന്റ് എന്നതിൽ കവിഞ്ഞ് വലിയ സ്നേഹമൊന്നും പ്രത്യക്ഷത്തിൽ റിക്ക് മോർട്ടിയോട് പ്രകടിപ്പിക്കുന്നില്ല. അത് മാത്രമല്ല, തന്റെ ബുദ്ധിയും കഴിവുമായി താരമത്യം ചെയ്യാൻ കഴിയാത്ത ഏതൊരാളോടും ഒരു തരം പുച്ഛത്തോടെയാണ് റിക്കിന്റെ പെരുമാറ്റവും. പലപ്പോഴും അതിന്റെ ഇരയാവുന്നത് പാവം മോർട്ടിയും.

മോർട്ടിയെ കുറിച്ച് പറയുകയാണെങ്കിൽ, അവന്റെ പ്രായത്തിലെ ഏതൊരു കുട്ടിയേയും പോലെ, ഉത്തരവാദിത്തങ്ങളും, ലക്ഷ്യങ്ങളും ഒന്നുമില്ലാതെ, റിക്കിന്റെ വാലായി നടക്കുകയാണ് മോർട്ടിയുടെ മെയിൻ പരിപാടി. എങ്കിലും, തനിക്ക് ശരിയെന്ന് തോന്നാത്ത കാര്യങ്ങളെ ചോദ്യം ചെയ്യാനും മോർട്ടി മുതിരുന്നുണ്ട്.

പ്രധാന കഥാപാത്രങ്ങൾക്ക് പുറമെ മോർട്ടിയുടെ അച്ഛനായ ജെറി, റിക്കിന്റെ മകളും മോർട്ടിയുടെ അമ്മയുമായ ബെത്ത്, മോർട്ടിയുടെ സഹോദരി സമ്മർ എന്നിവരും സീരീസിന്റെ ഭാഗങ്ങളാണ്.

റോബോട്ടിക്‌സ് മുതൽ അന്യഗ്രഹ ജീവികൾ വരെ, ഭാവനയ്ക്ക് പോലും അതീതമായ സംസ്കാരങ്ങൾ, ഗ്രഹങ്ങൾ, ജീവി വിഭാഗങ്ങൾ. ഇനി ഇതൊന്നും പോരെങ്കിൽ പാരലൽ ടൈംലൈനുകൾ, ആൾട്ടർനേറ്റ് റിയാലിറ്റികൾ, തുടങ്ങി ടൈം ട്രാവൽ വരെ റിക്കിന്റെയും മോർട്ടിയുടെയും യാത്രകളുടെ ഭാഗമായി സീരീസിൽ കടന്നു വരുന്നുണ്ട്.

അനിമേഷൻ സീരീസുകളുടെ കൂട്ടത്തിൽ മികച്ച ഒരു അനുഭവം തന്നെയായിരിക്കും റിക്ക് ആൻഡ് മോർട്ടിയെന്ന് നിസ്സംശയം പറയാം.