Schindler's List
ഷിൻഡ്‌ലേർസ് ലിസ്റ്റ് (1993)

എംസോൺ റിലീസ് – 278

Download

10345 Downloads

IMDb

9/10

യുദ്ധകാലത്ത് ജര്‍മ്മന്‍ പട്ടാളം പോളിഷ് ആര്‍മിയെ പരാജയപ്പെടുത്തുന്നതോടുകൂടി അവിടുത്തെ ജൂതവംശജരെ മുഴുവന്‍ അവര്‍ ക്രാക്കോ എന്ന നഗരത്തിലേക്ക് എത്തിക്കുന്നു. പ്രതിദിനം പതിനായിരത്തിലധികം ജൂതന്മാരാണ് സ്വന്തം വീടും നാടും നഷ്ടപ്പെട്ട് ക്രാക്കോ നഗരത്തില്‍ എത്തിച്ചേരുന്നത്. അവര്‍ക്കിടയിലേക്കാണ് വ്യവസായിയായ ഓസ്‌കാര്‍ ഷിന്‍ഡ്‌ലര്‍(ലിയാം നീസണ്‍) എത്തിച്ചേരുന്നത്. യുദ്ധത്തെ ഒരു വ്യവസായിയുടെ കണ്ണു കൊണ്ട് കാണുന്നയാളാണ് ഷിന്‍ഡ്‌ലര്‍. യുദ്ധം തനിക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കുക എന്നതാണ് അയാളുടെ ചിന്ത. അയാള്‍ അവിടെ പാത്രങ്ങളും മറ്റുപകരണങ്ങളും ഉണ്ടാക്കുന്ന ഒരു ഫാക്ടറി തുടങ്ങുന്നു. ഉദ്യോഗസ്ഥരെ മുഴുവന്‍ പണവും, മദ്യവും നല്കി പാട്ടിലാക്കുന്നതോടു കൂടി ഫാക്ടറി തുടങ്ങാനുള്ള പ്രതിബന്ധങ്ങളെല്ലാം മാറിക്കിട്ടുന്നു. മാത്രവുമല്ല നാസി പാര്‍ട്ടിയില്‍ അയാള്‍ക്കുള്ള അംഗത്വവും അയാളുടെ നീക്കങ്ങള്‍ക്ക് കരുത്തേകുന്നു.

ഇഷാക്ക് സ്‌റ്റേണ്‍(ബെന്‍ കിംഗ്‌സ്‌ലി) എന്നു പേരായ ഒരു അക്കൗണ്ടന്റും അയാള്‍ക്ക് സഹായിയായുണ്ട്. ഫാക്ടറിയില്‍ ജൂതന്മാരെ നിയമിക്കുകയും മറ്റും ചെയ്യുന്നത് അയാളാണ്. നാസികള്‍ ജൂതന്മാരെ കൂട്ടക്കൊല ചെയ്യുന്ന കാലമായതിനാല്‍ ഷിന്‍ഡ്‌ലറുടെ ഫാക്ടറിയില്‍ ജോലി നേടുക എന്നത് മരണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള മാര്‍ഗ്ഗം കൂടിയാണ്. ഷിന്‍ഡ്‌ലറില്‍ നിന്നും വത്യസ്തനാണ് അക്കൗണ്ടന്റ് ആയ ഇഷാക്ക്. അയാള്‍ പരമാവധി ജൂതന്മാരെ ഫാക്ടറിയില്‍ തൊഴിലാളികളായി നിയമിക്കുകയും അതുവഴി അവരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്യുന്നു. മുന്‍പരിചയം ഇല്ലാത്തവര്‍ക്ക് മുന്‍പരിചയം ഉണ്ടെന്നുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിക്കൊണ്ടാണ് അയാള്‍ ഫാക്ടറിയില്‍ ജോലി തരപ്പെടുത്തികൊടുക്കുന്നത്. ഷിന്‍ഡ്‌ലറുടെ ഫാക്ടറിയില്‍ ജോലി നേടിയാല്‍ സ്വന്തം ജീവന്‍ നിലനിര്‍ത്താം എന്നൊരു ധാരണ പരക്കുന്നതോടു കൂടി അനര്‍ഹമായി ജോലി നേടുന്നവരുടെ എണ്ണം ഫാക്ടറിയില്‍ വര്‍ദ്ധിച്ചു വരുന്നു. ആദ്യമാദ്യം ഷിന്‍ഡ്‌ലര്‍ ഇതിനെ വളരെ ശക്തമായി എതിര്‍ക്കുന്നു. എന്നാല്‍ ജൂതന്മാര്‍ നേരിടുന്ന കൊടിയ പീഡനങ്ങള്‍ നേരിട്ടു കാണുമ്പോള്‍ അയാളിലെ നല്ല മനുഷ്യന്‍ ഉണരുകയും അയാള്‍ ജൂതന്മാരുടെ രക്ഷകനായിത്തീരുകയും ചെയ്യുന്നു.

ഏഴ് അക്കാദെമി ആവാർഡുകൾ നേടിയ സിനിമ ഇന്റെർനെറ്റ് മൂവി ഡാറ്റാബേയ്സ് ടോപ് 250ൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു.