Skyline
സ്കൈലൈൻ (2010)

എംസോൺ റിലീസ് – 3286

സുഹൃത്തായ ടെറിയുടെ പിറന്നാൾ ആഘോഷിക്കാൻ കാലിഫോർണിയയിൽ എത്തിയതാണ് ജെറോഡും ഭാര്യ എലൈനും. ഈ വരവില്‍ അവരെ ലോസ് ആഞ്ചലസിലേക്ക് താമസം മാറ്റാൻ സമ്മതിപ്പിക്കണമെന്ന ഉദ്ദേശമുണ്ട് ടെറിയ്ക്ക്. എന്നാൽ എലൈനാകട്ടെ, അവളൊരു അമ്മയാകുന്ന വിവരം ജെറോഡിനോട് അവതരിപ്പിക്കുന്ന ടെൻഷനിലായിരുന്നു.

അങ്ങനെ ബർത്ത്ഡേ പാർട്ടിക്കിടെ നടന്ന ചെറിയ തർക്കങ്ങളൊക്കെ കഴിഞ്ഞ്, ടെറിയുടെ അപ്പാർട്ട്മെന്റിൽ അവരെല്ലാം ആ രാത്രി ഉറങ്ങാൻ കിടന്നു. രാത്രി അധികം വൈകിയില്ല, പ്രഭാതം പൊട്ടിവിരിയുന്നത് പോലെ ആകാശത്തിലൊരു നീലവെളിച്ചം തെളിഞ്ഞു. ആ വെളിച്ചത്തിലേക്ക് നോക്കിയവർ ഹിപ്പ്നോട്ടൈസ് ചെയ്യപ്പെട്ടതുപോലെ അതിലേക്ക് നടന്നുകേറി. അത്തരത്തിൽ, ലോകത്താകമാനമുള്ള കോടിക്കണക്കിന് മനുഷ്യരെ എവിടെനിന്നോ വന്ന അന്യഗ്രഹജീവികൾ അവരുടെ നിഗൂഢമായ ഉദ്ദേശ്യത്തിന് വേണ്ടി തട്ടിയെടുത്തു. വെളിച്ചം കൊണ്ട് പിടികൂടാൻ പറ്റാഞ്ഞവരെ നേരിട്ടും കളത്തിലിറങ്ങി പിടിക്കാൻ തുടങ്ങി.

തലനാരിഴക്ക് രക്ഷപ്പെട്ട് നിൽക്കുന്ന ജെറോഡും കൂട്ടരും അപ്പാർട്ട്മെന്റിൽനിന്ന് പുറത്തുകടക്കണോ വേണ്ടയോ എന്ന വാദപ്രതിവാദങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോഴും കൂട്ടത്തിലുള്ളവരെ ഓരോന്നായി ആ അന്യഗ്രഹജീവികൾ തട്ടിയെടുത്തുകൊണ്ടിരുന്നു. ലോകമെമ്പാടും നടക്കുന്ന വലിയൊരു ഏലിയൻ ആക്രമണത്തെ ഒരു ഫ്ലാറ്റിലുള്ള ഏതാനും പേരുടെ കാഴ്ചപ്പാടിലൂടെ കാണിക്കുന്ന, അവരുടെ അതിജീവിക്കാനുള്ള ശ്രമങ്ങളുടെ കഥയാണ് സ്കൈലൈൻ.