Sully
സള്ളി (2016)

എംസോൺ റിലീസ് – 2282

Download

9154 Downloads

IMDb

7.4/10

2009 ജനുവരി 15, വിന്ററിലെ തണുത്ത സായാഹ്നം. അമേരിക്കയിലെ ലഗ്വാർഡിയ എയർപോർട്ടിൽ നിന്നും ഷാർലറ്റിലേക്ക് പോകുന്ന യൂ എസ് എയർവേഴ്സിന്റെ A320 ഫ്ലൈറ്റ്‌ 1549, റൺവേ നമ്പർ 1-3യിൽ
നിന്ന് ഏറെ നേരത്തെ ആശങ്കകൾക്ക് ഒടുവിൽ പറന്നുയർന്നു. എന്നാൽ അധികദൂരം സഞ്ചരിക്കും മുമ്പ് ഹഡ്സൺ നദിക്ക് മുകളിൽ വെച്ചു വിമാനം പക്ഷികളുമായി കൂട്ടി ഇടിക്കുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് എഞ്ചിനുകളും തകർന്ന വിമാനം നേരെ ഹഡ്സണ് നദിയിലേക്ക് ഊളിയിടുന്നു. എന്നാൽ തന്റെ അനുഭവസമ്പത്തും കഴിവും കൊണ്ട് വിമാനം നിയന്ത്രിച്ചു കൊണ്ട് സുരക്ഷിതമായി നദിക്ക് മുകളിൽ ലാൻഡ് ചെയ്ത് വിമാനത്തിന്റെ ക്യാപ്റ്റൻ പൈലറ്റ് സള്ളിൻ ബർഗർ രാജ്യത്തിന്റെ ഹീറോയായി മാറി. ബോട്ടുകളുടെയും, സേനയുടെയും ന്യൂയോർക്ക് നിവാസികളുടെയും സഹായത്തോടെ വിമാനത്തിലെ 155 പേരും രക്ഷപെടുന്നതോടെ ഈ സംഭവത്തിന് “മിറക്കിൾ ഓഫ് ദി ഹഡ്സൺ” എന്ന പേരും ചാർത്തപ്പെടുന്നു. ഇത് ലോകമാകെ ആഘോഷിക്കപ്പെട്ട ഒരു യഥാർത്ഥ സംഭവമാണ്.
എന്നാൽ അത് പോലെ ആഘോഷിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്യാതെ അമേരിക്കയിൽ മാത്രം ഒതുങ്ങിയ മറ്റൊരു വശം ഈ സംഭവത്തിന് ഉണ്ടായിരുന്നു. അതായത് ഹീറോ പരിവേഷം ലഭിച്ച അന്ന് മുതൽ സള്ളിയും കോ പൈലറ്റ് സ്കൈൽസും നേരിടേണ്ടി വരുന്ന അന്വേഷണങ്ങളും വിമാന അപകടത്തിന്റെ ഉത്തരവാദിത്വം അയാളിൽ അടിച്ചേല്പിക്കാനുള്ള ശ്രമവും, അതുവഴി തന്റെ വ്യോമയാന കരിയർ അവസാനിക്കുന്നിടത് വരെ എത്തിനിൽക്കുന്ന അന്വേഷണ ഫലങ്ങളും, അത് മൂലമുള്ള മാനസിക പിരിമുറുക്കവും അവസാനം ഫെഡറൽ ട്രാൻസ്പോർട്ടേഷൻ ഡിപ്പാർട്ട്‌മെന്റ് കേസിൽ വിധി പറയുന്നത് വരെയുള്ള സംഭവ വികാസങ്ങളും, അന്വേഷണത്തിന്റെ വിശദാംശങ്ങളുമെല്ലാം അടങ്ങിയ മറ്റൊരു വശം.
ഇവയ്ക്ക് പ്രാധാന്യം നൽകി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ വളരെ ഭംഗിയായി ക്ലിന്റ് ഈസ്റ്റ്വുഡ് സംവിധാനം ചെയ്ത സിനിമയാണ് 2016ൽ ഇറങ്ങിയ സള്ളി. സള്ളിയുടെ ആത്മകഥയെ അടിസ്ഥാനമാക്കി ടോഡ് കോമറിനിക്കിയാണ് ഇതിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. വളരെ ചെറിയ ദൈർഘ്യമുള്ള ഈ വിമാന അപകടത്തെ 90 മിനുട്ടോളം വരുന്ന സിനിമയിൽ പ്രേക്ഷകനെ മടുപ്പിക്കാതെ വളരെ ഭംഗിയായി തന്നെ ചിത്രീകരിച്ചിരിക്കുന്നു എന്നത് ഇതിലെ സിനിമാട്ടോഗ്രഫി യുടെയും, സൗണ്ട് എഡിറ്റിംഗിന്റെയും, സംവിധാനത്തിന്റെയും കൂടെ മികവായി എടുത്തു പറയേണ്ടതുണ്ട്. സള്ളിയായി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത് വിഖ്യാത നടൻ ടോം ഹാങ്ക്സ് ആണ്. സംവിധായകൻ ക്ലിന്റ് ഈസ്റ്റവുഡ് ചിത്രത്തിൽ ചെറിയൊരു വേഷവും ചെയ്യുന്നു. മരണത്തെ മുഖാമുഖം കണ്ട വിമാനത്തിലെ യാത്രക്കാരുടെ വൈകാരികമായ പ്രതികരണങ്ങൾ ചിത്രം കണ്ട് കഴിയുന്നതോടെ നമ്മിലേക്കും പകർത്തപ്പെടുന്നു.
ചിത്രത്തിൽ അമേരിക്കൻ ഗതാഗത വകുപ്പിനെ മോശക്കാരക്കി ചിത്രീകരിച്ചു എന്ന വിവാദങ്ങൾക്കിടയിലും അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2016 ലെ മികച്ച 10 സിനിമകളിൽ സള്ളി സ്ഥാനം പിടിച്ചു. ബോക്‌സ്ഓഫീസിലും വിജയമായ സള്ളിക്ക് 2016 ലെ ഓസ്കാർ വേദിയിലേക്ക് ബെസ്റ്റ് സൗണ്ട് എഡിറ്റിംഗ് നുള്ള നോമിനേഷനും ലഭിച്ചു.
ഒരു ഡോക്യുമെന്ററി മാത്രമായി ഒതുങ്ങേണ്ട വിഷയത്തെ മികച്ചൊരു സിനിമയായി തന്നെ നമുക്ക് കാണിച്ചു തരുന്ന സള്ളി ഒരു പ്രേക്ഷകൻ കണ്ടിരിക്കേണ്ട വ്യത്യസ്തമായ ഒരു ഫിലിം തന്നെയാണ്. വ്യോമയാന മേഖലയിലെ സാങ്കേതികമായ പദങ്ങളും, അടിസ്ഥാന വിവരങ്ങളും വിമാന കോക്ക്പിറ്റിലെ പ്രവർത്തനങ്ങളും ഈ ചിത്രം കണ്ട് കഴിയുന്നതോടെ നമുക്ക് പരിചിതമാകും.
ലോക വ്യോമയാന ചരിത്രത്തിലെ എന്നും ഓർമ്മിക്കപ്പെടുന്ന സംഭവമായ മിറക്കിൾ ഓഫ് ദി ഹഡ്സൺ, വ്യോമയാന അപകടങ്ങളുടെ സങ്കീർണ്ണതകളെ പരിചയപ്പെടുത്താനുള്ള റഫറൻസ് ആയി മാറുകയും ചെയ്തു.