എം-സോണ്‍ റിലീസ് – 623
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steven Spielberg |
പരിഭാഷ | സുഭാഷ് ഒട്ടുംപുറം |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ആനിമേഷന്‍ |
എത്ര പ്രായമായാലും എല്ലാവരുടേയും ഉള്ളിൽ ഒരു കൊച്ചു കുട്ടി ഉണ്ടാവും.ചിത്രക്കഥകൾമ വായിക്കാൻ ഇഷ്ടമുള്ള, അത്ഭുതവിളക്കിന്റെയും ഭൂതത്തിന്റെയും കഥകൾ കേൾക്കാൻ ഇഷ്ടമുള്ള, വിസ്മയലോകത്തേക്ക് ചെന്നെത്തിപ്പെടാൻ ആഗ്രഹിക്കുന്ന മനസ്സുള്ള ഒരു കൊച്ചു കുട്ടി. നമ്മുടെ ഉള്ളിലെ കൊച്ചു കുട്ടിയെ നൂറു ശതമാനവും തൃപ്തിപ്പെടുത്തും ഈ സിനിമ.ചലചിത്ര ലോകത്തെ മാന്ത്രികരായ സ്റ്റീഫൻ സ്പിൽബർഗും പീറ്റർ ജാക്സനും ഒരുമിച്ചപ്പോൾ, ദൃശ്യവിസ്മയത്തിന്റെ മായാജാലമാണ് സംഭവിച്ചത്. മോഷൻ ക്യാപ്ച്ചർ എന്ന സാങ്കേതികവിദ്യയിലൂടെ നിർമ്മിച്ച ഈ അനിമേഷൻ ചിത്രം ടിൻ ടിൻ എന്ന ഒരു ജേർണലിസ്റ്റിന്റെ സാഹസികമായ യാത്രയുടെ കഥയാണ് പറയുന്നത്..ബ്രസ്സൽസിലെ ഒരു തെരുവിൽ വെച്ച് കിട്ടിയ, പതിനേഴാം നൂറ്റാണ്ടിൽ കടലിൽ താഴ്ന്നു പോയ യൂനികോൻ എന്ന കപ്പലിന്റെ ഒരു മാതൃക ടിൻ ടിന് ലഭിക്കുന്നു. ആ മാതൃക സ്വന്തമാക്കാൻ വേറെ ചിലർ ശ്രമിക്കുന്നുണ്ടെന്ന് മനസ്സിലായതോടെ, യൂനികോൻ എന്ന കപ്പലിനെ ചുറ്റിപറ്റി എന്തോ ഒരു നിഗൂഢത ഒളിഞ്ഞിരിപ്പുണ്ടെന്ന് ടിൻ ടിൻ മനസ്സിലാക്കുന്നു. ചുരുളഴിയാത്ത ആ രഹസ്യം തേടിയുള്ള ടിൻ ടിൻ എന്ന ജേർണലിസ്റ്റിന്റെ അപകടകരമായ സാഹസിക യാത്ര അവിടെ തുടങ്ങുന്നു.. കൂട്ടിന് സ്‌നോയ് എന്ന മിടുക്കനായ പട്ടി കുട്ടിയും മുഴുക്കുടിയനായ ഒരു കപ്പിത്താനും. അവരുടെ ഈ യാത്ര പ്രേക്ഷകനു മുന്നിൽ വിസ്മയക്കാഴ്ച്ചകളുടെ അത്ഭുതലോകത്തിലേക്കുള്ള വാതായനങ്ങൾ തുറന്നിടുന്നു… മുജ്ജമ പ്രതികാരത്തിന്റെ കഥ ,കഥാപാത്രങ്ങളുടെ ഓർമ്മകളുടെ അടിസ്ഥാനത്തിൽ യുക്തിയെ ചോദ്യം ചെയ്യാത്ത തരത്തിൽ അവതരിപ്പിക്കുന്നതിൽ കാണിച്ച സംവിധായന്റെ മിടുക്ക് പ്രശംസനീയം തന്നെ.