എം-സോണ്‍ റിലീസ് – 594
ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് – 8
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | സോഫിയ കപ്പോള |
പരിഭാഷ | ഹരി കൃഷ്ണന് |
ജോണർ | ഡ്രാമ, ത്രില്ലര്‍ |
A Painted Devil എന്ന പേരിലുള്ള നോവലിനെ ആധാരമാക്കി 1971 ൽ The Beguiled എന്ന പേരിൽ ക്ലിൻറ് ഈസ്റ്റ് വുഡിനെ നായകനാക്കി ഡോൺ സീഗൽ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. അതിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാണ് സോഫിയ കൊപ്പോള പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2017 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ഈ ചിത്രത്തിലൂടെ സോഫിയ കൊപ്പോളക്ക് ലഭിച്ചിരുന്നു. സോഫിയ തന്നെ രചിച്ച ശക്തമായ തിരക്കഥയ്ക്കും സൂക്ഷ്മമായ സംവിധാനമികവിനും ഒപ്പം കോളിൻ ഫാരൽ, നിക്കോൾ കിഡ് മാൻ, ക്രിസ്റ്റൻ ഡൻസ്റ്റ് എന്നിവർ ഉൾപ്പെട്ട താരനിരയുടെ മികച്ച പെർഫോർമൻസും ചിത്രത്തെ മികവുറ്റതാക്കുന്നു. കഥാപാത്രങ്ങളുടെ പൂർവ്വ ചരിത്രമൊന്നും വിവരിക്കാതെ വർത്തമാനകാലം മാത്രം പ്രതിപാദിക്കുന്ന ചിത്രം പൂർണമായും ഒറ്റ ലൊക്കേഷനിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
1864 ൽ അമേരിക്കൻ സിവിൽ വാർ കൊടുമ്പിരികൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വിർജീനിയയിൽ പെൺകുട്ടികൾക്ക് വേണ്ടി മാത്രമുള്ള ഒരു സ്കൂൾ നടത്തുകയാണ് മാർത്ത ഫാൺസ്വർത്ത്. യുദ്ധം രൂക്ഷമായതോടെ അധ്യാപികയായ എഡ്വിനയും അഞ്ച് വിദ്യാർത്ഥിനികളും ഒഴിച്ച് മറ്റുള്ളവരെല്ലാം സ്കൂൾ വിട്ട് പോയിരുന്നു. ഒരു ദിവസം അടുത്തുള്ള കാടിനുള്ളിൽ കാലിൽ മാരകമായി മുറിവേറ്റ നിലയിൽ കണ്ട ഒരു പട്ടാളക്കാരനെ ഒരു വിദ്യാർത്ഥിനി സ്കൂളിലേക്ക് കൊണ്ട് വരുന്നു. മാർത്ത അയാളുടെ മുറിവ് ഭേദമാകുന്നത് വരെ സ്കൂളിൽ താമസിക്കാൻ അനുവദിക്കുന്നു. എന്നാൽ ചെറുപ്പക്കാരനായ അയാളുടെ സാന്നിദ്ധ്യം കുട്ടികളിലും അധ്യാപികയിലും വരുത്തുന്ന മാറ്റങ്ങൾ മാർത്തയെ അസ്വസ്ഥയാക്കുന്നു.