എം-സോണ് റിലീസ് – 903
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Mike Nichols |
പരിഭാഷ | ജയൻ പത്തനംതിട്ട |
ജോണർ | കോമഡി |
“ദ ബേഡ്കേജ് ” എക്കാലത്തെയും മികച്ച ഗേ കോമഡി മൂവികളിൽ ഒന്നാണ്. വാണിജ്യപരമായും വലിയ വിജയം നേടിയ ഈ ചിത്രത്തിലെ അഭിനേതാക്കളെല്ലാം തന്നെ ഈ ചിത്രത്തിന്റെ പേരിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്നവരായി മാറിയെന്നത് ചരിത്രം.
അർമന്ദ് ഗോൾഡ്മാൻ – ആൽബർട്ട് എന്നീ സ്വവർഗദമ്പതികളുടെ ഉടമസ്ഥതയിലുള്ളതാണ് “ബേഡ്കേജ് “എന്ന ക്ലബ്ബ്. ആണുങ്ങൾ പെൺവേഷം കെട്ടി പെർഫോം ചെയ്യുന്ന ഒരു ഡ്രാഗ് ക്ലബ്ബാണത്. ആൽബർട്ടാണവിടുത്തെ പ്രധാന നടൻ (നടി). അർമന്ദിന് പഴയ വിവാഹബന്ധത്തിലുള്ള ഒരു മകൻ ഉണ്ട് “വാൽ “. അവനിപ്പോൾ 20 വയസ്സായി. അവനെ വളർത്തിയത് അർമന്ദും ആൽബർട്ടും ചേർന്നാണ്.
അപ്രതീക്ഷിതമായി ഒരു ദിവസം വാൽ എത്തുന്നു. കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നും വിവാഹം ഉടൻ നടത്തിത്തരണമെന്നും പറയുന്നു. അമേരിക്കൻ സെനറ്ററും സദാചാര സംരക്ഷണ സമിതിയുടെ സ്ഥാപകനുമായ കെവിൻ കീലിയുടെ മകൾ ബാർബറയാണ് വധു. സ്വവർഗസ്നേഹത്തേയോ ഡ്രാഗ് ക്ലബ്ബുകളേയോ അംഗീകരിക്കാത്ത കെവിൻ കീലിയോട് ബാർബറയും വാലും കൂടി അർമന്ദ്, ഗ്രീസിലെ സാംസ്ക്കാരിക ഉപസ്ഥാനപതിയാണെന്ന് കള്ളം പറയുന്നു. കൂട്ടത്തിൽ വേറെ പല കള്ളങ്ങളും. വലിയൊരു പ്രശ്നത്തിൽ അകപ്പെടുന്ന സെനറ്റർ അവിടുന്ന് കുടുംബത്തേയും കൂട്ടി ചെക്കന്റെ വീട് കാണാൻ യാത്ര തിരിക്കുന്നു.
സ്വവർഗസ്നേഹികൾ തനതായി പെരുമാറുന്ന അർമന്ദിന്റ വീട്ടിൽ അത് മറച്ചു വെയ്ക്കാനുള്ള തത്രപ്പാടുകൾ തുടങ്ങുന്നിടത്ത് പ്രശ്നങ്ങൾ തുടങ്ങുന്നു. ചിരി തുടങ്ങുന്നു… ഇവർ ഗേ ആണെന്ന് സെനറ്റർ അറിയുമോ? സെനറ്റർ അകപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് അദ്ദേഹം പുറത്ത് കടക്കുമോ? ബാബറ-വാൽ വിവാഹം നടക്കുമോ? ബാക്കി കണ്ടുതന്നെ അറിയണം.
റോബിൻ വില്യംസും നാതൻ ലെയ്‌നും ക്ലൈമാക്സിൽ ജീൻ ഹാക്ക്മനും കൂടി കലക്കി കടുക് വറുക്കുന്ന ഈ ചിത്രം ഒരു കൊമേഴ്സൽ കോമഡി ചിത്രം മാത്രമാണ്. വിഭ്രാന്തികൾക്ക് അടിമപ്പെട്ടു സ്വയം ജീനൊടുക്കിയ റോബിൻ വില്യംസ്, ആരാധകരുടെ എക്കാലത്തേയും ഇഷ്ടനടനാണ്. നാതൻ ലെയ്ൻ യഥാർത്ഥ ജീവിതത്തിലും ഗേ ആണെന്നുള്ളത് മറ്റൊരു കൗതുകകരമായ കാര്യം..!
La Cage aux Folles എന്ന ഫ്രഞ്ച് – ഇറ്റാലിയൻ സിനിമയുടേയും നാടകത്തിന്റേയും റീമേയ്ക്കാണീ ചിത്രം..