The Bridge on the River Kwai
ദി ബ്രിഡ്ജ് ഓൺ ദ റിവർ ക്വായ് (1957)

എംസോൺ റിലീസ് – 2229

Subtitle

2530 Downloads

IMDb

8.1/10

രണ്ടാം ലോക മഹായുദ്ധം പശ്ചാത്തലമാക്കി 1957ൽ ഇറങ്ങിയ ക്ലാസിക് വാർ അഡ്വഞ്ചർ ചിത്രമാണിത്. ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും പ്രൊഡക്ഷൻ കമ്പനികൾ ചേർന്ന് നിർമിച്ച ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. വലിയ നിരൂപക പ്രശംസയും നേടി. രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാന്റെ നേതൃത്വത്തിൽ പണിത ബർമ-സയാം റെയിൽപാതയുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. യുദ്ധത്തിൽ ജപ്പാനോട് കീഴടങ്ങിയ നൂറുകണക്കിന് ബ്രിട്ടീഷ് പട്ടാളക്കാരെ കൊടുങ്കാട്ടിലുള്ള ഒരു ക്യാമ്പിൽ എത്തിക്കുന്നു. ബാങ്കോക്കിനെയും റങ്കൂണിനെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽപാതയിൽ ഒരു പാലം പണിയാൻ തടവുകാരെ ഉപയോഗിക്കുകയാണ് ജപ്പാന്റെ ലക്ഷ്യം. ക്വായ് നദിക്ക് കുറുകേയാണ് ഈ പാലം. തടവുകാരിൽ ബ്രിട്ടീഷ് പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. ഇവരടക്കം പാലം പണിയാൻ അടിമപ്പണി ചെയ്യണമെന്ന് ക്രൂരനായ ജാപ്പനീസ് കേണൽ സയ്ട്ടോ ഉത്തരവിടുന്നു. എന്നാൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വഴങ്ങുന്നില്ല. സയ്ട്ടോ ഇവരെ ശിക്ഷിക്കുന്നു. പാലം സമയത്ത് പണി തീർക്കാൻ പറ്റിയില്ലെങ്കിൽ തന്റെ സ്ഥാനം തെറിക്കുമെന്ന് അറിയാവുന്ന സയ്ട്ടോ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ അനുനയിപ്പിക്കാനും ശ്രമിക്കുന്നു. ഇതിനിടെ, ക്യാമ്പിലുള്ള ഒരു അമേരിക്കൻ തടവുകാരൻ സാഹസികമായി രക്ഷപ്പെടുന്നു. ജപ്പാന്റെ റെയിൽ നിർമാണ പദ്ധതി തകർക്കാൻ പദ്ധതിയിടുന്ന ബ്രിട്ടീഷ് കമാൻഡോ സംഘത്തിന്റെ പക്കലാണ് അയാൾ എത്തിപ്പെടുന്നത്. അവർ ജപ്പാനെതിരെ പുതിയൊരു കരുനീക്കത്തിന് തയ്യാറെടുക്കുന്നു.