എം-സോണ് റിലീസ് – 1608
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Tom Hooper |
പരിഭാഷ | സാബിറ്റോ മാഗ്മഡ് |
ജോണർ | ബയോഗ്രഫി, ഡ്രാമ, സ്പോര്ട് |
2020 ജൂലൈ 17 ലീഡ്സ് യുനൈറ്റഡ് ഫുട്‌ബോൾ ക്ലബ്ബിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു ദിനമായിരുന്നു. അന്ന്, 16 വർഷങ്ങൾക്ക് ശേഷം അർജന്റീനക്കാരൻ ബിയൽസയുടെ കീഴിൽ അവർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. എല്ലാ വർഷവും 3 പുതിയ ടീമുകൾ ഫസ്റ്റ് ഡിവിഷനിലേക്ക് കയറി വരികയും മറ്റു 3 ടീമുകൾ പുറത്താകാറും ഉണ്ട് എന്നത് കൊണ്ട് അതൊരു സാധാരണ വാർത്ത മാത്രമാകേണ്ടതാണ്. പക്ഷേ എന്തുകൊണ്ട് ലീഡ്സ് യുനൈറ്റഡിന്റെ പ്രവേശനം ഇതുവരെയില്ലാത്ത വിധം ആഗോളമായി ചർച്ച ചെയ്യപ്പെട്ടു?
അതിനുള്ള ഒരുത്തരമാണ് “ദി ഡാംഡ് യുണൈറ്റഡ്” എന്ന 2009ൽ ടോം ഹൂപ്പറിന്റെ സംവിധാനത്തിൽ ബിബിസി ഫിലിംസ് ന്റെയും കൊളംബിയ പിക്‌ചേഴ്‌സിന്റെയും മുഖ്യ ബാനറിൽ ഇറങ്ങിയ ബ്രിട്ടീഷ് ഫിലിം.
2006ൽ ഇറങ്ങിയ ഡേവിഡ് പീസിന്റെ ബെസ്റ്റ് സെല്ലറായ “ദി ഡാംഡ് യുണൈറ്റഡ്” എന്ന നോവലിനെ അടിസ്ഥാനമാക്കി പീറ്റർ മോർഗനാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
ബ്രിട്ടീഷ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മാനേജർമാരെ എടുത്താൽ ആദ്യ മൂന്നിൽ സ്ഥാനം പിടിക്കാൻ എന്തുകൊണ്ടും യോഗ്യനായ ബ്രയാൻ ക്ലഫിന്റെയും അദ്ദേഹത്തിന്റെ കൂട്ടാളി പീറ്റർ ടെയ്‌ലറിന്റെയും കോച്ചിങ് ജീവിതത്തിലെ കയറ്റിറക്കങ്ങളിലൂടെ ഒരു യുഗത്തിന്റെ കഥ പറയുന്ന ഈ ചിത്രം സത്യത്തിൽ ഇംഗ്ളീഷ് ഫുട്‌ബോളിലെ എന്നും ഓർമ്മിക്കപ്പെടുന്ന കാലഘട്ടമായ 1960s-1970s കളെ പറ്റിയാണ് വിവരിക്കുന്നത്. ബ്രയാൻ ക്ലഫ് എന്ന വിഖ്യാത കോച്ചിന്റെ ഉദയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഈ കാലത്തിനിടയിലാണ് ഇംഗ്ളണ്ട് അവരുടെ ഏക ലോകകപ്പ് വിജയം നേടുന്നത് എന്നത് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട വർഷങ്ങൾ.
അന്ന് എല്ലാവരും ഉറ്റു നോക്കിയ ഇംഗ്ലീഷ് ഫുട്‌ബോളിലെ അതികായർ ആയിരുന്നു ലീഡ്സ് യുണൈറ്റഡ്. മാഞ്ചസ്റ്റർ യുണൈറ്റഡിനും മുമ്പ് ഇംഗ്ളീഷ് ഫുട്‌ബോൾ ഭരിച്ച മറ്റൊരു യുനൈറ്റഡ്.
അവരുടെ മേധാവിത്വത്തിന് കൂച്ചു വിലങ്ങിട്ട് രണ്ടാം ഡിവിഷനിൽ നിന്ന് കയറി വരുന്ന ബ്രയാൻ ക്ലഫ്- ടെയ്‌ലർ സഖ്യത്തിന്റെ ക്ലബായ ഡെർബി കൗണ്ടി. അതുമൂലം ഉരിത്തിരിയുന്ന ലീഡ്സ് മാനേജർ ഡോൺ റെവിയുമായുള്ള ക്ലഫിന്റെ ശത്രുത. പിന്നീടങ്ങോട്ട് നടക്കുന്ന നാടകീയ സംഭവങ്ങൾ എന്നിങ്ങനെ ചിത്രം ഒരു ഫുട്‌ബോൾ ആരാധകനെ പിടിച്ചിരുത്തുന്ന രീതിയിൽ തന്നെ മുന്നോട്ട് പോകുന്നു.
ലീഡ്സ് യുണൈറ്റഡ് ,ഡെർബി കൗണ്ടി എന്നീ ക്ലബ്ബ്കളെ കേന്ദ്രീകരിച്ചാണ് ചിത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളതെങ്കിലും മറ്റു ക്ലബ്ബ്കളും ഫുട്‌ബോൾ താരങ്ങളും ഫിലിമിൽ കടന്നു വരുന്നുണ്ട്.
ഒരേ സമയം ഫുട്‌ബോൾ, ശത്രുത, ജീവിതം, ഇമോഷൻ, ഫ്രണ്ട്ഷിപ്പ്, ഹീറോയിസം, ഇതെല്ലാം കൃത്യമായി സമന്വയിപ്പിച്ച സിനിമ ഫുട്‌ബോൾ പ്രേമികൾക്ക് ലോക ഫുട്‌ബോൾ ചരിത്രത്തിലേക്ക് കൂടുതൽ ആഴത്തിൽ എത്തിനോക്കാനുള്ള വലിയ പ്രചോദനം കൂടെയാണ്. ബ്രിട്ടീഷ് ആക്ടർ മൈക്കൽ ഷീനാണ് ഈ ചിത്രത്തിൽ ബ്രയാൻ ക്ലഫായി വേഷമിട്ടിരിക്കുന്നത്.
ഫുട്‌ബോൾ പ്രേമികൾ കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെയാണ് ദി ഡാംഡ് യുനൈറ്റഡിന്റെ സ്ഥാനം.