എം-സോണ്‍ റിലീസ് – 2617
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Kathryn Bigelow |
പരിഭാഷ | ശ്രീജിത്ത് കെ പി |
ജോണർ | ഡ്രാമ, ത്രില്ലർ, വാർ |
ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കാതറിൻ ബിഗലോ സംവിധാനം ചെയ്ത്, 2008ൽ റിലീസായ, എക്കാലത്തെയും മികച്ച യുദ്ധ സിനിമകളിലൊന്നാണ് “ദി ഹർട്ട് ലോക്കർ”. വളരെ റിയലിസ്റ്റിക്കായ ആഖ്യാനശൈലിയിലാണ് “ദി ഹർട്ട് ലോക്കർ” ഒരുക്കിയിരിക്കുന്നത്. ഇറാഖ് യുദ്ധഭൂമിയിലെ ബോംബ് നിർവീര്യ സ്ക്വാഡിലെ മൂന്നു സൈനികരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഇവർ കടന്നുപോകുന്ന അപകടകരമായ സാഹചര്യങ്ങളും മാനസികസംഘർഷങ്ങളുമാണ് “ദി ഹർട്ട് ലോക്കർ”.
സെർജന്റ് ജെ.ടി. സാൻബോണിന്റെയും സ്‌പെഷ്യലിസ്റ്റ് ഓവൻ എൽറിഡ്ജിന്റെയും ബോംബ് നിർവീര്യമാക്കുന്ന ടീമിന്റെ ലീഡറായി സെർജന്റ് ഫസ്റ്റ് ക്ലാസ്സ് വില്യം ജെയിംസ് എത്തുന്നു. ബോംബ് നിർവീര്യമാക്കുന്ന സമയങ്ങളിൽ, തന്റെ സഹപ്രവർത്തകരുടെ മുന്നറിയിപ്പുകൾ അവഗണിച്ച്, യാതൊരു കൂസലുമില്ലാതെ, ജെയിംസ് വളരെ അപകടകരമായി പ്രവർത്തിക്കുന്നു. ജെയിംസിനെ സംബന്ധിച്ചിടത്തോളം യുദ്ധം ഒരു ലഹരിയായിരുന്നു.
82മത് അക്കാദമി അവാർഡ്സിൽ ബെസ്റ്റ് പിക്ചർ, ബെസ്റ്റ് ഡയറക്ടർ എന്നീ അവാർഡുകൾ”ദി ഹർട്ട് ലോക്കർ” കരസ്ഥമാക്കി. ഓസ്കാർ അവാർഡ് നേടുന്ന ആദ്യത്തെ വനിത സംവിധായികയാണ് കാതറിൻ ബിഗലോ. രസകരമായ കാര്യമെന്താണെന്നുവെച്ചാൽ, കാതറിൻ ബിഗലോയുടെ മുൻ ഭർത്താവായിരുന്ന ജെയിംസ് കാമറൂണിനെയും അദ്ദേഹത്തിന്റെ ബ്രഹ്മാണ്ഡ സിനിമയായ അവതാറിനെയും പിന്തള്ളിയായിരുന്നു അവർ ഈ അവാർഡുകൾ നേടിയത്.