എംസോൺ റിലീസ് – 3173
ഭാഷ | ഇംഗ്ലീഷ്. അറബിക് |
സംവിധാനം | Moustapha Akkad |
പരിഭാഷ | റിയാസ് പുളിക്കൽ |
ജോണർ | ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി |
അടിച്ചമർത്തലുകളും അധിക്ഷേപങ്ങളും സഹിച്ചു വെറും മുപ്പത് പേർ മക്കയിൽ നിന്നും പലായനം ചെയ്യുമ്പോൾ ശത്രുക്കൾ അറിഞ്ഞില്ല, അവർ കൂടെ കൊണ്ടുപോയത് മക്ക തന്നെയായിരുന്നു എന്ന സത്യം. പിന്നീട് മുപ്പതിൽ നിന്നും ലക്ഷങ്ങളായി പടർന്നു പന്തലിച്ചപ്പോൾ ജനിച്ചുവളർന്ന മക്ക തിരിച്ചുപിടിക്കാൻ അവർ വന്നു. മക്കയും ഒപ്പം ജനഹൃദയങ്ങളും അവർ കീഴടക്കി. ഇസ്ലാമിക ചരിത്രത്തെ ഇത്രമേൽ മനോഹരമായും കൃത്യമായും വരച്ചിട്ട മറ്റൊരു സിനിമയുണ്ടോ എന്ന് തന്നെ സംശയമാണ്. ലോക ഭരണാധികാരികളെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രവാചകന്റെ സന്ദേശവുമായി അദ്ദേഹത്തിന്റെ അനുയായികളുടെ യാത്രയിലൂടെയാണ് ദ മെസേജ് തുടങ്ങുന്നത്.
നൂർ പർവ്വതത്തിലെ ഹിറാ ഗുഹയിൽ വെച്ച് പ്രവാചകത്വം സ്വീകരിക്കുന്ന മുഹമ്മദ് നബി (സ)ക്ക് പിന്നീടങ്ങോട്ട് മക്കയിൽ ഒരേ സമയം അസ്വീകാര്യതയും സ്വീകാര്യതയും ലഭിച്ചു. സ്വന്തം ബന്ധുക്കൾതന്നെ അദ്ദേഹത്തെ വധിക്കാൻ പദ്ധതിയിട്ടു. ഇതെല്ലാം തരണം ചെയ്തു ഇസ്ലാമിനെ വളർത്താൻ പ്രവാചകനും അദ്ദേഹത്തിന്റെ അനുയായികളും അനുഭവിക്കേണ്ടി വന്ന യാതനകളുടെയും പീഡനങ്ങളുടെയും ചിത്രം ദ മെസേജിൽ വരച്ചിടുന്നു. പ്രവാചക പിതാവ് അബ്ദുല്ലയുടെ സഹോദരനായ ഹംസ (റ)വിന്റെയും ദത്തുപുത്രൻ സൈദ് (റ)വിന്റെയും വീക്ഷണങ്ങളിലൂടെയാണ് ദ മെസേജ് എന്ന സിനിമയുടെ ചരിത്രവിവരണം. പ്രതിരൂപവൽക്കരണം നിഷിദ്ധമെന്ന ഇസ്ലാമിക ആചാരം ഉൾക്കൊണ്ടു കൊണ്ട് പ്രവാചകന്റേത് കൂടാതെ ഇസ്ലാമിന്റെ ആദ്യത്തെ നാല് ഖലീഫമാരായ അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ), അലി (റ) എന്നിവരുടെ പ്രതിരൂപങ്ങൾ കാണിക്കാതിരിക്കാൻ ഈ സിനിമയുടെ സൃഷ്ടാക്കൾ ശ്രദ്ധിച്ചിട്ടുണ്ട്.