എം-സോണ്‍ റിലീസ് – 2410
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Diederik Van Rooijen |
പരിഭാഷ | അനൂപ് അനു |
ജോണർ | ഹൊറർ, മിസ്റ്ററി, ത്രില്ലർ |
ഡീഡറിക് വാൻ റൂയ്ജന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ഹൊറർ ചിത്രമാണ് “ദി പൊസെഷൻ ഓഫ് ഹന്ന ഗ്രേസ്”. ബോസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ പോലീസ് ഉദ്യോഗസ്ഥയായിരുന്നു നായികയായ മേഗൻ റീഡ്. ഒരിക്കൽ ഒരു കുറ്റവാളിയുമായുണ്ടായ ഏറ്റുമുട്ടലിൽ അവളുടെ സഹപ്രവർത്തകൻ കൊല്ലപ്പെടുകയും അതവളെ ശാരീരികമായും മാനസികമായും തളർത്തുകയും ചെയ്യുന്നു. കടുത്ത വിഷാദവും മദ്യപാനവും അവളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു. ബോസ്റ്റൺ മെട്രോ ഹോസ്പിറ്റലിലെ നഴ്‌സാണ് മേഗന്റെ സുഹൃത്തായ ലിസ. ഒരിക്കൽ മോർച്ചറിയിലെ നൈറ്റ് ഷിഫ്റ്റിൽ ജോലി ഒഴിവ് വന്നപ്പോൾ അത് മേഗന് ഒരാശ്വാസമാകുമെന്നു കരുതി അതവളെ അറിയിക്കുന്നു. തുടർന്ന് മേഗൻ അവിടെ ജോലിക്കെത്തുകയും കാര്യങ്ങൾ പഠിച്ചെടുക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു ദിവസം ഹന്ന ഗ്രേസ് എന്ന പെൺകുട്ടിയുടെ മൃതശരീരം മോർച്ചറിയിൽ എത്തുകയും അവിടുന്നങ്ങോട്ട് പ്രശ്‌നങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു. പിന്നീട് അവിടെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒട്ടും ബോറടിപ്പിക്കാത്ത ഒരു നല്ല സിനിമയാണ് “ദി പൊസെഷൻ ഓഫ് ഹന്ന ഗ്രേസ്”.