The Wizard of Oz
ദ വിസാഡ് ഓഫ് ഓസ് (1939)

എംസോൺ റിലീസ് – 3196

Download

1081 Downloads

IMDb

8.1/10

എൽ ഫ്രാങ്ക്ബോം എഴുതി 1900ൽ പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവലാണ് ഓസിലെ മായാവി. ഓസ് എന്ന രാജ്യത്ത് ഡോറോത്തി എന്ന കൊച്ചുപെൺകുട്ടി നടത്തുന്ന സാഹസിക പ്രവൃത്തികളാണ് നോവലിന്റെ ഇതിവൃത്തം.

അമേരിക്കയിലെ കാൻസാസിൽ അമ്മാവന്റെയും അമ്മായിയുടെയും ഒപ്പം താമസിക്കുകയായിരുന്നു ഡോറോത്തി. കൂട്ടിന് ടോഡോ എന്ന നായക്കുട്ടിയുമുണ്ട്. എന്നാല്‍ ഒരു ദിവസം ഒരു ചുഴലിക്കാറ്റ് അവളെ വിദൂരതയിലേക്ക് അടിച്ചുപറത്തി, ഓസ് എന്ന സ്വപ്നതുല്യമായ മാന്ത്രികനാട്ടിൽ എത്തിക്കുന്നു. കാൻസാസിലേക്ക് തിരികെയെത്താനുള്ള സഹായ അഭ്യര്‍ഥനയുമായി അവൾ മരതകനഗരത്തിലെ മായാവിയെ തേടിപ്പോകുന്നു. ആ യാത്രയില്‍ അവളോടൊപ്പം നായക്കുട്ടിക്ക് പുറമേ, ഒരു വൈക്കോൽ മനുഷ്യനും തകരമനുഷ്യനും ഒരു സിംഹവും കൂടിച്ചേരുന്നു. ഇവരെല്ലാം ചേർന്നൊരുക്കുന്ന സാഹസികവും രസകരവുമായ സന്ദർഭങ്ങൾ ഓസിലെ മായാവിയെ കുട്ടികൾക്ക് ഏറെ പ്രിയങ്കരമാക്കി മാറ്റി. അതുകൊണ്ട് തന്നെ, ആധുനിക കാലത്ത് ബാലസാഹിത്യരംഗത്തെ ക്ലാസിക് കൃതിയായി ഈ നോവൽ വിലയിരുത്തപ്പെടുന്നു.

1939-ൽ സിനിമയായി ഇതിലെ ഇതിവൃത്തം അവതരിക്കപ്പെട്ടു. ദ വിസാഡ് ഓഫ് ഓസിനെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർത്തിയത് ഈ സിനിമയായിരുന്നു. ജൂഡി ഗാർലൻഡ് എന്ന ബാലികയെ ഒരു സൂപ്പർതാരമാക്കി മാറ്റിയ ഈ ചിത്രം ഇന്നും ആളുകൾക്ക് ഹരമാണ്.

ഇതിന്റെ ഡിജിറ്റൽ പ്രിന്റ് 1998-ൽ ഒരേ ദിവസം അമേരിക്കയിലെ രണ്ടായിരത്തോളം തിയറ്ററുകളിൽ പ്രദര്‍ശനത്തിനെത്തിയെന്ന് പറഞ്ഞാൽ ആ സ്വീകാര്യതയെപ്പറ്റി ഊഹിക്കാവുന്നതേയുള്ളൂ. കാലാതീതമായ ഈ ചിത്രത്തെയും അതിലൂടെ ആ ക്ലാസിക് നോവലിനെയും എംസോൺ ഇത്തവണത്തെ ക്ലാസിക് ഫെസ്റ്റിലൂടെ, ഇനിയും അറിയാത്ത മലയാളികൾക്ക് പരിചയപ്പെടുത്തുകയാണ്.