Thelma & Louise
തെൽമ ആന്റ് ലൂയിസ് (1991)

എംസോൺ റിലീസ് – 725

IMDb

7.6/10

ഫെമിനിസ്റ്റ് സിനിമകളുടെ നാഴികക്കല്ലുകളിലൊന്നായെണ്ണപ്പെടുന്ന ഈ  ചലച്ചിത്രം മനോഹരമായ ഫ്രെയിമുകൾ, തെളിച്ചവും നർമ്മവുമുള്ള സംഭാഷണങ്ങൾ ഇവയ്ക്കൊപ്പം,ഒരു റോഡ് മൂവിയുടെ ഹൃദയം കവരുന്ന മൂഡും ഇഴ ചേരുന്ന ഒരു മികച്ച സംഗീതാനുഭവം കൂടിയാണ്. തെൽമയ്ക്കും ലൂയിസിനുമൊപ്പം വന്യമധുരമായ ഒരു യാത്രയിൽ നാമോരുത്തരും പങ്കാളികളായിത്തീരുന്ന പോലെ തോന്നും..   

ബ്ളേഡ് റണ്ണർ, ഗ്ലാഡിയേറ്റർ തുടങ്ങിയ ആസ്വാദക പ്രീതി നേടിയ ചിത്രങ്ങൾ ചെയ്ത റിഡ്ലി സ്കോട്ട്, മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി പുരസ്കാരജേത്രിയായ  കാലി ഖോറി(Callie Khauri)യുടെ സ്ക്രിപ്റ്റിൽ മെനഞ്ഞെടുത്ത  ഈ പെൺചലച്ചിത്രത്തിൽ,  ഏറ്റവും തീവ്രതയോടെ നമ്മെ പിന്തുടരുക  അതിലെ സംഭാഷണഭാഗങ്ങളാണ്..

ജീന ഡേവിസ് തെൽമയും സൂസൻ സറാൻഡൻ ലൂയിസുമായി മത്സരിച്ചഭിനയിച്ച ഈ ചലച്ചിത്രത്തിലെ  കൗ ബോയ് കഥാപാത്രത്തിലൂടെയാണ് ബ്രാഡ് പിറ്റ് തന്റെ സിനിമാജീവിതം തുടങ്ങുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഹാർവേ കേറ്റൽ, മൈക്കൽ മാഡ്സൺ എന്നിവരും  ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു.  ആൻഡ്രിയൻ ബിഡ്ലിന്റെ ക്യാമറയും ഹാൻ സിമ്മറിന്റെ സംഗീതമവുമൊരുമിക്കുന്ന ഈ 129 മിനുട്ട് സിനിമ ഈ ലോകത്തെ,ഒരിഞ്ചെങ്കിലും കൂടി പെണ്ണിനു ജീവിക്കാൻ കൊതിക്കാൻ, രസിക്കാൻ… കൊള്ളാവുന്നതാക്കുമെങ്കിൽ എന്നാഗ്രഹിക്കുന്നു.. കാരണം,  ലൂയിസ് പറയുമ്പോലെ:

“അവളിങ്ങനെ നിർത്താതെ നിലവിളിച്ചുകൊണ്ടേയിരിക്കുന്നെങ്കിൽ  അതിനർത്ഥം അതവൾക്ക്  സുഖിച്ചിട്ടല്ലെന്ന് തന്നെയാണ്….”