Tokyo Story
ടോക്യൊ സ്റ്റോറി (1953)

എംസോൺ റിലീസ് – 496

ഭാഷ: ഇംഗ്ലീഷ് , ജാപ്പനീസ്
സംവിധാനം: Yasujirô Ozu
പരിഭാഷ: ആർ. മുരളീധരൻ
ജോണർ: ഡ്രാമ
IMDb

8.1/10

Movie

N/A

ലോകസിനിമയിലെ സവിശേഷസാന്നിദ്ധ്യമായ ജാപ്പനീസ് ചലച്ചിത്രകാരനാണ് യാസുജിറൊ ഒസു. 1903ല്‍ ജനിച്ച ഒസു, നിശബ്ദസിനിമകളുടെ കാലത്തു തന്നെ തന്റെ ചലച്ചിത്രജീവിതം ആരംഭിച്ചിരുന്നു. എന്നാല്‍ രണ്ടാം ലോകയുദ്ധാനന്തരമാണ് ഒസുവിന്റെ മാസ്റ്റര്‍പീസുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രങ്ങളെല്ലാം പുറത്തിറങ്ങിയത്. വിവാഹവും കുടുംബജീവിതവും, തലമുറകള്‍ക്കിടയിലെ ബന്ധങ്ങള്‍ തുടങ്ങിയവയാണ് ഒസുചിത്രങ്ങളുടെ കേന്ദ്രസ്ഥാനത്തുവരുന്ന പ്രമേയങ്ങള്‍. ജീവിതത്തില്‍ നാമെല്ലാവരും നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങള്‍, ജനനമരണങ്ങുടെ ചാക്രികവ്യവസ്ഥ, കുട്ടിയില്‍ നിന്ന് മുതിര്‍ന്നവരാകുമ്പോഴേക്കുണ്ടാകുന്ന മാറ്റങ്ങള്‍, പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ഇതെല്ലാം ഒസു ചിത്രങ്ങളിലെ പരിഗണനാവിഷയങ്ങളാണ്. ലേറ്റ് സ്പ്രിങ്, ടോക്യൊ സ്‌റ്റോറി, ഫ്‌ലോട്ടിങ് വീഡ്‌സ്, ഏന്‍ ഓട്ടം ആഫ്റ്റര്‍നൂണ്‍ എന്നിവയാണ് ഒസുവിന്റെ പ്രധാനചിത്രങ്ങളില്‍ ചിലത്.

എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പല പട്ടികകളിലും ഇടം പിടിച്ചിട്ടുള്ള ചിത്രമാണ് ടോക്യൊ സ്‌റ്റോറി. വൃദ്ധദമ്പതികളായ ഷുകിഷിയും തോമി ഹിരയാമയും ഇളയമകളോടൊപ്പം ഒരു തീരദേശഗ്രാമത്തിലാണ് താമസിക്കുന്നത്. ഒരു ദിവസം അവര്‍ ടോക്യോവിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്ന തങ്ങളുടെ മക്കളെ കാണാനായി പോവുകയാണ്. വൃദ്ധദമ്പതികള്‍ക്കും മക്കള്‍ക്കിടയിലുമുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മക്കള്‍ കൂടുതല്‍ കൂടുതല്‍ സ്വന്തം സ്വാര്‍ത്ഥതകളിലേക്കും അവരുവരുടെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്ന് ദമ്പതികള്‍ തിരിച്ചറിയുന്നു. ചിത്രത്തിലൂടെ പുതിയ തലമുറയ്ക്ക് പഴയ തലമുറയില്‍പ്പെട്ടവരോടുള്ള പൊതുമനോഭാവത്തെക്കുറിച്ചാണ് ഒസു സംസാരിക്കുന്നത്.