Vagabond
വാഗബോണ്ട്‌ (1985)

എംസോൺ റിലീസ് – 443

ഭാഷ: ഇംഗ്ലീഷ് , ഫ്രഞ്ച്
സംവിധാനം: Agnès Varda
പരിഭാഷ: ജയേഷ്. കെ
ജോണർ: ഡ്രാമ, റൊമാൻസ്
IMDb

7.6/10

Movie

N/A

പ്രതീക്ഷയുടെ നാമ്പുപോലുമില്ലാത്ത ഊഷരഭൂമിയുടെ ദൃശ്യങ്ങളിലൂടെ ഒഴുകിനീങ്ങുന്ന ക്യാമറ ചെന്നെത്തിനില്‍ക്കുന്നത് ചതുപ്പില്‍ മഞ്ഞും അഴുക്കും പുരണ്ടു കിടക്കുന്ന ഒരു യുവതിയുടെ പ്രജ്ഞയറ്റ ശരീരത്തിലാണ് .അവളാരെന്നോ എവിടെനിന്നുവന്നെന്നോ ഗ്രാമവാസികള്‍ക്കറിവുണ്ടായിരുന്നില്ല , ചിലര്‍ക്ക് അവളെ കണ്ടുപരിചയമുണ്ടായിരുന്നു .ശരീരത്തില്‍ മുറിപ്പാടുകളോ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളോ ഇല്ലാതിരുന്നതിനാല്‍ ഇതൊരു സ്വാഭാവിക മരണം തന്നെയെന്നു ഗ്രാമവാസികള്‍ക്കൊപ്പം പോലീസും വിധിയെഴുതി. എന്നാല്‍ സംവിധായികയുടെ സ്വന്തം ശബ്ദത്തിലൂടെ ഒരന്വേഷണം അവിടെയാരംഭിക്കുകയാണ് .മോണാ ബര്‍ഗെറോണിന്റെ ജീവിതത്തില്‍ അവസാനനാളുകളിലൂടെ ,കണ്ടുമുട്ടിയവര്‍ക്ക് അവള്‍ സമ്മാനിച്ച ഓര്‍മകളിലൂടെ ഒരു യാത്ര …

ഫ്രഞ്ച് ന്യൂവേവ്‌ സംവിധായകരില്‍ വളരെ സവിശേഷമായ സ്ഥാനമാണ് ആഗ്നസ് വാര്‍ദയുടെത് .ഫ്രഞ്ച് ന്യൂവേവ്‌ സംവിധായകരിലെ ഇടതുപക്ഷ വിഭാഗമായ ലെഫ്റ്റ് ബാങ്ക് ഗ്രൂപ്പിലാണ് ആഗ്നസ് ഉള്‍പ്പെടുന്നത് (ഗോദ്ദാർദ് ,ത്രൂഫോ എന്നിവര്‍ ഉള്‍പ്പെടുന്ന വിഭാഗം Cahiers du Cinema ഗ്രൂപ്പ് എന്നറിയപ്പെടുന്നു).മറ്റൊരു പ്രത്യേകത ഫ്രഞ്ച് ന്യൂവേവിനു നാന്ദികുറിച്ച ചിത്രങ്ങള്‍ക്ക്മുന്‍പ് തന്നെ ആഗ്നസ് വാര്‍ദ തന്റെ ആദ്യചിത്രം സംവിധാനം ചെയ്തിട്ടുണ്ട് .ആശയപരമായി ഇടതുപക്ഷ ചായ്‌വ് പുലര്‍ത്തിയിരുന്ന ലെഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ ശൈലിക്കൊപ്പം വിഷയങ്ങളില്‍ ഫെമിനിസ്റ്റ് ആശയങ്ങളും മേക്കിംഗ് സ്റ്റയിലില്‍ ഒരു ഡോക്യുഫിക്ഷന്‍ സ്വഭാവവും കൊണ്ടുവന്നതാണ് ആഗ്നസിനെ വേറിട്ട്‌നിര്‍ത്തിയ ഘടകങ്ങള്‍.

വാഗബോണ്ട്‌ പ്രത്യക്ഷത്തില്‍ ഒരു ഡോക്യുമെന്ററിയാണ് .പക്ഷെ ഒരു വിഷ്വല്‍ ഡോക്യുമേന്റെഷന് അനുഭവിപ്പിക്കാന്‍ കഴിയുന്നതിലും വൈകാരികതയും ആശയതീവ്രതയും അനുഭവിപ്പിക്കാന്‍ കഴിയുമെന്നതാണ് ഈ ചിത്രത്തിനെ മാസ്റ്റെര്‍പീസാക്കുന്നത്