Tangerines
ടാൻജറീൻസ് (2013)
എംസോൺ റിലീസ് – 84
ഭാഷ: | എസ്റ്റോണിയൻ, ജോർജിയൻ |
സംവിധാനം: | Zaza Urushadze |
പരിഭാഷ: | മുബാറക്ക് റ്റി എൻ |
ജോണർ: | ഡ്രാമ, വാർ |
1991 -ലെ സോവിയറ്റ് യൂണിയന്റെ പതനത്തോടെ, ജോർജിയ ഉൾപ്പെടെ പല രാജ്യങ്ങളും സ്വതന്ത്രമായി. എന്നാൽ ജോർജിയയിലെ അബ്ഖാസിയ എന്ന പ്രദേശം ജോർജിയയിൽ നിന്ന് വേർപെട്ട് സ്വതന്ത്രമായോ, അല്ലെങ്കിൽ റഷ്യയുമായി ചേർന്ന് ഒരു പ്രത്യേക നിലനിൽപ്പിനായോ ആഗ്രഹിച്ചു. ജോർജിയൻ നയങ്ങൾ തങ്ങളുടെ ഭാഷയെയും സംസ്കാരത്തെയും അടിച്ചമർത്തുമെന്ന ഭയമായിരുന്നു കാരണം. പക്ഷേ ജോർജിയയാകട്ടെ, തങ്ങളുടെ ദേശീയഐക്യം നിലനിർത്തുവാനായി അബ്ഖാസിയയെ സ്വതന്ത്രമാക്കാൻ തയ്യാറല്ലായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ച മൂലമുണ്ടായ അധികാരശൂന്യതയും (power vacuum) റഷ്യയുടെ തന്ത്രപരമായ ഇടപെടലും ഈ പിരിമുറുക്കത്തിൻ്റെ തീവ്രത വർധിപ്പിച്ചു. അവസാനം, 1992 -ൽ ഇതൊരു പൂർണയുദ്ധമായി മാറി.
റഷ്യയുടെ സൈനിക, ധന, രാഷ്ട്രീയ സഹായങ്ങളും ചെചെൻ, കോസാക്ക് തുടങ്ങിയ വടക്കൻ കോക്കസസ് പ്രദേശങ്ങളിൽ നിന്നുള്ള കൂലിപ്പടയാളികളും യുദ്ധത്തിൽ അബ്ഖാസിയയെ സഹായിച്ചു. മറുവശത്ത് ജോർജിയൻ സർക്കാർ, തങ്ങളുടെ സൈന്യവുമായി അബ്ഖാസിയയെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചു. ഇതിനിടയിൽപ്പെട്ടുപോയ എസ്റ്റോണിയൻ വംശജരായ ന്യൂനപക്ഷത്തിന്,
ഇരുകൂട്ടരുടെയും ആക്രമണങ്ങളിൽ അനേകം നഷ്ടങ്ങൾ നേരിടേണ്ടി വന്നു. ഈ യുദ്ധത്തെ പശ്ചാത്തലമാക്കിയാണ് 2013 -ൽ ജോർജിയൻ സംവിധായകനായ Zaza Urushadze, ‘Tangerines’ എന്ന
ചിത്രമൊരുക്കിയിരിക്കുന്നത്.
യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ഇവോ എന്ന ആശാരിയും അയാളുടെ കർഷകനായ സുഹൃത്ത് മാർഗോസുമൊഴികെ, ഗ്രാമത്തിലെ എല്ലാ എസ്റ്റോണിയൻ വംശജരും തങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങിയിരിക്കുകയാണ്. മാർഗോസിൻ്റെ കൃഷിയിടത്തിലെ മധുരനാരങ്ങകൾ വിളവെടുക്കാൻ വേണ്ടിയാണ് ഇരുവരും അവിടെ തുടരുന്നത്.
അങ്ങനെയിരിക്കെ, ഗ്രാമത്തിൽ നടക്കുന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇരുപക്ഷത്തും നിന്നുള്ള രണ്ട് സൈനികരെ തൻ്റെ വീട്ടിൽ താമസിപ്പിച്ച് ശുശ്രൂഷിക്കാൻ ഇവോ തീരുമാനിക്കുന്നു. കൊടുംവൈരികളായ ഇരുവർക്കുമിടയിൽ സമാധാനം നിലനിർത്താൻ ശ്രമിക്കുന്ന ഇവോയും തുടർന്നുനടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
യുദ്ധത്തിൻ്റെ നിരർത്ഥകതയെപ്പറ്റി ശക്തമായ സന്ദേശം നൽകുന്ന സിനിമ, മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു. ലോകത്തിൻ്റെ പല കോണുകളിൽ നിന്നും യുദ്ധങ്ങൾക്കായുള്ള മുറവിളികളുയരുന്ന ഇക്കാലത്ത്, മനുഷ്യത്വം, സഹാനുഭൂതി, ദയ തുടങ്ങി പല മാനവിക മൂല്യങ്ങളെയും വരച്ചു കാട്ടുന്ന ഒന്നാണ് ഈ ചിത്രം.