എം-സോണ്‍ റിലീസ് – 2189
ഭാഷ | എസ്റ്റോണിയൻ, റഷ്യൻ |
സംവിധാനം | Moonika Siimets |
പരിഭാഷ | പ്രശോഭ് പി.സി |
ജോണർ | ഡ്രാമ |
സ്റ്റാലിന്റെ ഭരണത്തിനു കീഴിലുള്ള എസ്റ്റോണിയ പശ്ചാത്തലമാക്കി 2018-ൽ ഇറങ്ങിയ ചിത്രമാണ് ‘ദ ലിറ്റിൽ കോമ്രേഡ്’. എസ്റ്റോണിയയിലെ പ്രശസ്ത എഴുത്തുകാരി ലേലോ തുംഗൽ തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ ആസ്പദമാക്കി രചിച്ച പുസ്തകങ്ങളാണ് ചിത്രത്തിന് പ്രചോദനം.
1950 കാലഘട്ടത്തിലെ എസ്റ്റോണിയയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ലേലോ എന്ന ആറു വയസുകാരി അച്ഛനും അമ്മക്കുമൊപ്പം സന്തോഷത്തോടെ കഴിയുന്നു. എന്നാൽ പുറത്ത്, എസ്റ്റോണിയൻ മണ്ണ് കലുഷിതമാണ്. റഷ്യയുടെ കീഴിൽ അസന്തുഷ്ടരായി ജനങ്ങൾ കഴിഞ്ഞുകൂടുന്നു.
ഒരുനാൾ റഷ്യൻ പോലീസ് തന്റെ വീട്ടിൽ പരിശോധനക്ക് വരുന്നതും അമ്മയെ പിടിച്ചുകൊണ്ട് പോകുന്നതും ലേലോക്ക് കാണേണ്ടി വരുന്നു. താൻ നല്ല കുട്ടിയായാൽ അമ്മ തിരിച്ചു വരുമെന്നാണ് അവളുടെ വിശ്വാസം. അന്നു മുതൽ നല്ല കുട്ടി ആകാനുള്ള ശ്രമത്തിലാണ് അവൾ.
ഭാര്യയെ എങ്ങനെയെങ്കിലും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ലേലോയുടെ അച്ഛൻ. പക്ഷേ, രാജ്യദ്രോഹം എന്നത് എളുപ്പത്തിൽ രക്ഷപെടാവുന്ന കേസല്ല.
ലേലോ ആയി വേഷമിട്ട ഹെലേന മരിയ റെയ്സ്നർ എന്ന ബാലതാരത്തിന്റെ പ്രകടനമാണ് ചിത്രത്തിൽ ശ്രദ്ധേയം.