എംസോൺ റിലീസ് – 3312
ഓസ്കാർ ഫെസ്റ്റ് 2024 – 06
ഭാഷ | ഫ്രഞ്ച് & ഇംഗ്ലീഷ് |
സംവിധാനം | Justine Triet |
പരിഭാഷ | ഡോ. ജമാൽ |
ജോണർ | ക്രെെം, ഡ്രാമ, ത്രില്ലർ |
Justine Triet സംവിധാനം ചെയ്ത് Sandra Huller കേന്ദ്രകഥാപാത്രമായി അഭിനയിച്ച ഒരു മുഴുനീള കോർട്ട്റൂം ഡ്രാമയാണ് അനാട്ടമി ഓഫ് എ ഫോൾ. പ്രേക്ഷകന് നേരത്തെ അറിയുന്ന ഒരു സംഭവം കോടതിയിലെത്തിക്കുന്ന പതിവ് ശൈലിയിൽ നിന്നും വളരെ വ്യത്യസ്തമായി, ആർക്കും പെട്ടെന്ന് പിടിതരാത്ത രൂപത്തിലാണ് സംവിധായക ഈ സിനിമ അണിയിച്ചൊരുക്കിയിട്ടുള്ളത്.
ഭർത്താവിന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തിൽ പ്രതിയാക്കപ്പെട്ട ഭാര്യയും ഏക സാക്ഷിയായ കാഴ്ചശക്തിയില്ലാത്ത മകനുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഒറ്റ നോട്ടത്തിൽ അപകടമെന്നോ ആത്മഹത്യയെന്നോ തോന്നിപ്പിക്കുന്ന ഒരു മരണം, ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ കോടതിയിൽ അനാവരണം ചെയ്യപ്പെട്ടതോടെ കൊലപാതകമെന്ന് ശക്തമായ സംശയം ജനിപ്പിക്കുന്നു. അതോടെ സംഭവത്തിലെ ഏക സാക്ഷിയെന്നു പറയാവുന്ന അന്ധനായ മകൻ ധാർമിക പ്രതിസന്ധി നേരിടുന്നു.
കോടതിയിൽ കേസ് കേൾക്കാനിരിക്കുന്ന ജഡ്ജിയുടെ അതേ അവസ്ഥയിൽ തന്നെയാണ് സംവിധായക പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. വിചാരണ പുരോഗമിക്കവേ ആരുടെ ഭാഗത്താണ് ശരി തെറ്റുകൾ എന്ന സംശയം അതേപടി പ്രേക്ഷകരും അനുഭവിക്കുന്നുണ്ട്. ഒട്ടും അതിശയോക്തി കലർത്താതെ വളരെ സ്വഭാവികമായാണ് കോടതി രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്..
Arthur Harari യുടെ കൂടെ സംവിധായക തന്നെ തിരക്കഥയെഴുതിയ ഈ സിനിമ 2023 ലെ Palme D’or പുരസ്‌കാരം, 2024 Golden Globe Award for Best Screenplay, 2023 Europen Film Award for The Best Film, Best Director, Best Editor തുടങ്ങി നിരവധി അവാർഡുകൾ വാരിക്കൂട്ടി. കേന്ദ്രകഥാപാത്രമായ സാന്ദ്രാ വോയ്റ്ററുടെ വേഷം ചെയ്ത ജർമൻ നടി സാന്ദ്രാ ഹോളർ മികച്ച നടിക്കുള്ള യൂറോപ്യൻ ഫിലിം അവാർഡും സ്വന്തമാക്കി. 2023 IFFK യിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.