എം-സോണ് റിലീസ് – 1575
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Tony Gatlif |
പരിഭാഷ | ഷിഹാസ് പരുത്തിവിള |
ജോണർ | ഡ്രാമ, വാർ |
ഭൂമിയിൽ ജീവിക്കാൻ ഒരു മനുഷ്യന് വേണ്ട ഏറ്റവും അത്യന്താപേക്ഷികമായ കാര്യമെന്താണ്? ഒരുപാട് പണമോ അല്ലെങ്കിൽ താമസിക്കാൻ ഒരു വീടോ, ജോലിയോ ഇതൊന്നുമല്ല,അതവന്റെ സ്വാതന്ത്ര്യമാണ്. മനുഷ്യൻ എന്നല്ല ഈ ഭൂമിയിലെ സകല ജീവജാലജങ്ങൾക്കും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെക്കാൾ വലിയ ഒരു വേദന വേറെയില്ല.സ്വാതന്ത്ര്യം എന്ന വിഷയത്തെ രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജിപ്സികൾ നേരിട്ട ദുരിതങ്ങളിലൂടെ പറയുകയാണ് ടോണി ഗാറ്റ്ലിഫ് എന്ന സംവിധായകൻ. സ്വാതന്ത്ര്യത്തിലൂടെ നമ്മളനുഭവിക്കുന്ന അടങ്ങാത്ത സന്തോഷവും ആത്മ സംതൃപ്തിയും, അത് നിഷേധിക്കപ്പെടുമ്പോഴുണ്ടാവുന്ന വേദനയും ,ഭീകരമായ മാനസിക അവസ്ഥയും ചിത്രം വളരെ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ ജൂതന്മാരെ ഉന്മൂലനം ചെയ്യുന്ന കൂട്ടത്തിൽ വലിയൊരു വിഭാഗം ജിപ്സികളെയും നാസികൾ വേട്ടയാടി കൊന്നിട്ടുണ്ട്. ഫ്രാൻസ് പോലുളള രാജ്യങ്ങൾ ഈ കാലത്ത് ജിപ്സികളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് അവരെ തുറങ്കിലടയ്ക്കുകയും ചെയ്തിരുന്നു.ഒരിടത്തും സ്ഥിരമായി താമസിക്കാതെ പല നാടുകളിലായി അലയുന്ന ജിപ്സികളെ സംബന്ധിച്ച് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുക എന്ന് പറഞ്ഞാൽ അവരെ കൊല്ലുന്നതിന് സമമാണ്. രാത്രികളിൽ ഉറങ്ങാൻ അനുവദിക്കാതെ ദരിദ്രരായ ജിപ്സികളുടെ വളർത്തു മൃഗങ്ങളെ യും മറ്റും അപഹരിച്ചു കൊണ്ട് പോവുന്ന ഒരു പരിഷ്‌കൃത സമൂഹത്തെയും ചിത്രം നമുക്ക് കാട്ടി തരുന്നു. ആർക്കും ഒരു ഉപദ്രവുമില്ലാതെ തങ്ങളുടെ സംഗീതവും മറ്റ് ആഘോഷങ്ങളുമായി ജീവിച്ചു പോവുന്ന ജിപ്സികളെ കള്ളന്മാർ എന്നും കൊള്ളക്കാർ എന്നും വിശേഷിപ്പിക്കുന്ന പുറംലോകം അവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു. (കടപ്പാട് – അരുൺ എൻ.കെ)
സിനിമ കണ്ടു കഴിഞ്ഞാലും താലോഷ് എന്ന കഥാപാത്രം നിങ്ങളെ വേട്ടയാടും എന്ന് തീർച്ച. സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോൾ ഉണ്ടാവുന്ന ഭീകരമായ അവസ്ഥയും, അത് ലഭിക്കുമ്പോൾ നമുക്ക് ഉണ്ടാവുന്ന ഉന്മാദവും ജിപ്സികളുടെ യഥാർത്ഥ ജീവിതരരീതികളുടെ സൗന്ദര്യവുമൊക്കെ പ്രേക്ഷകന് അനുഭവഭേദ്യമാവുന്നത് ഈയൊരു കഥാപാത്രത്തിലൂടെയാണ്. പല രംഗങ്ങളും നമ്മുടെ മനസ്സിൽ പതിയാനുള്ള ഒരു പ്രധാന കാരണം ഇതിന്റെ മനോഹരമായ പശ്ചാത്തല സംഗീതമാണ്. വയലിൻ ധാരാളമായി ഉപയോഗിച്ചുള്ള ആ ബി.ജി.എം തരുന്ന ഫീൽ പറഞ്ഞറിയിക്കാനാവില്ല.