Last Year at Marienbad
ലാസ്റ്റ് ഇയര്‍ അറ്റ് മരിയന്‍ബാദ് (1961)

എംസോൺ റിലീസ് – 94

Download

185 Downloads

IMDb

7.6/10

Movie

N/A

യുദ്ധത്തിനെതിരായുള്ള ചലച്ചിത്രങ്ങളില്‍ ഏറെ പ്രസിദ്ധമാണ് അലന്‍ റെനെയുടെ ‘ഹിരോഷിമ മോണ്‍ അമര്‍’. മനുഷ്യരുടെ കൂട്ടക്കുരുതി വ്യക്തിമനസ്സിന്റെ ശവപ്പറമ്പായി മാറുന്നതിന്റെ കഥയാണത്. പ്രമേയം സാമൂഹ്യപരമാകുമ്പോഴും വ്യക്തിയുടെ ആന്തരികലോകത്തെയാണ് അലന്‍ റെനെ അതില്‍ ചിത്രീകരിച്ചത്.

‘മരിയന്‍ബാദിലെ പോയവര്‍ഷ’ ത്തില്‍ സമൂഹം ഉപരിവര്‍ഗ്ഗത്തിന്‍റെ ചെറിയൊരു വൃത്തത്തില്‍ , ഒരു കൊട്ടാരത്തില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു. റെനെയുടെ കണ്ണില്‍ അവരുടെ ലോകം മരവിച്ചതാണ്. ജീര്‍ണ്ണിച്ച പൂന്തോപ്പാണത്. ജഢീകരിച്ചതും ചലനമറ്റതുമാണ്. ഓര്‍മ്മകള്‍ പോലും ഓര്‍മ്മത്തെറ്റുകളാണ്. പ്രണയം അവിടെ ഒരു ഇല്യൂഷന്‍ മാത്രമാണ്. അവിടെ കളിക്കുന്ന കളികള്‍പോലും വിസ്മയങ്ങള്‍ ജനിപ്പിക്കാത്തവിധം ഏകപക്ഷീയമാണ്.

ജഢത്വം മുറ്റിനില്‍ക്കുന്ന ഒരു ലോകത്തിന്റെ നിശ്ചലദൃശ്യങ്ങളെ എങ്ങനെ ചലനാത്മകമാക്കാമെന്നതിന്റെ മികച്ച ചലച്ചിത്രോദാഹരണമാണ് മരിയന്‍ബാദ്. സ്മൃതികള്‍ക്കും വിസ്മൃതികള്‍ക്കുമിടയിലുള്ള അനന്തമായൊരു ചാഞ്ചാട്ടമാണ് അതിന്റെ ചിത്രസന്നിവേശം. നിഴലും വെളിച്ചവും കെട്ടുപിണഞ്ഞ അതിന്റെ പ്രതലത്തില്‍ നിഴലുകളില്ലാത്ത പരിസരവും അനക്കമറ്റ മനുഷ്യരും പ്രത്യക്ഷപ്പെടുന്നു. ഉപരിപ്ലവമെന്നു വിശേഷിപ്പിക്കാവുന്ന കഥാതന്തുവും ശ്ലഥബിംബങ്ങളായിത്തീരുന്ന കാലവും കണ്ണിച്ചേര്‍ക്കപ്പെടുന്നത് ശബ്ദങ്ങളിലൂടെയാണ്. കവിതയോടടുത്തുനില്‍ക്കുന്ന ഒരു തിരക്കഥയുടെ ചലച്ചിത്രഭാഷ്യം കൂടിയാണ് മരിയന്‍ബാദ്.

സിനിമയിലെ സ്ഥലവും കാലവും, ചലനവും നിശ്ചലതയും, ദൃശ്യവും ശബ്ദവും, യാഥാര്‍ത്ഥ്യവും അയഥാര്‍ത്ഥങ്ങളും, ഒറ്റപ്പെട്ടവരും ആള്‍ക്കൂട്ടങ്ങളും, നിരന്തരം വേര്‍പെടുകയും സൗമ്യമായി കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുന്ന മരിയന്‍ബാദ് അരനൂറ്റാണ്ടിനു ശേഷവും ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വിസ്മയകരമായൊരു പാഠപുസ്തകമായി നിലകൊള്ളുന്നു.