എം-സോണ് റിലീസ് – 1215
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Agnès Varda |
പരിഭാഷ | വെള്ളെഴുത്ത് |
ജോണർ | ഡോക്യുമെന്ററി |
പെറുക്കുന്നവരും ഞാനും. (Les glaneurs et la glaneuse – 2000)
ഫ്രഞ്ച് സംവിധായികയായ ആഗ്നസ് വാർദയുടെ പ്രസിദ്ധമായ ഡോക്യുമെന്ററി ചലച്ചിത്രമാണ് ‘പെറുക്കുന്നവരും ഞാനും’ ( 2000). ഫ്രെഞ്ചിൽ ‘പെറുക്കുന്നവരും പെറുക്കുന്നവളും’ (Les glaneurs et la glaneuse) എന്നാണ് ശീർഷകം. ‘പെറുക്കി’ എന്ന വാക്കിന് അത്ര നല്ല അർത്ഥമല്ല പൊതുവേ സമൂഹത്തിലുള്ളത്. സമൂഹം അകറ്റി നിർത്തുകയോ മാന്യത കല്പിക്കാതിരിക്കുകയോ ചെയ്യുന്ന, ഭക്ഷണം തേടി നടക്കുന്ന മനുഷ്യരുടെ പിന്നാലെ നടക്കുകയാണ് സംവിധായിക ഇതിൽ. വിളവെടുപ്പിനു ശേഷം തോട്ടങ്ങളിൽ ബാക്കിയാവുകയും സൂപ്പർമാർക്കറ്റുകൾക്ക് സമീപമുള്ള ചവറ്റുകുട്ടകളിൽ കാലാവധി കഴിഞ്ഞതുകൊണ്ടും മറ്റും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന പഴവർഗങ്ങളെയും ആഹാരസാധനങ്ങളും അന്വേഷിച്ചെത്തുന്ന മനുഷ്യരെയാണ് വാർദ പിന്തുടരുന്നത്. തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഫർണീച്ചറുകളും ഇലക്ട്രോണിക്സ് സാധനങ്ങളും മറ്റും എടുത്തുകൊണ്ട് വന്ന് അവയെ വീണ്ടും ഉപയോഗിക്കാവുന്നതാക്കുന്നവരെയും ചിത്രീകരിക്കുന്നു. ജീവിതത്തിന്റെ അരികുപറ്റി കഴിഞ്ഞുകൂടുന്നവരോടുള്ള സ്വഭാവസിദ്ധമായ ഐക്യദാർഢ്യം, അവസാനം തന്നെത്തന്നെ അവർക്കിടയിൽ കണ്ടെത്തുന്നതിലൂടെയാണ് വാർദ സ്ഥാപിച്ചെടുക്കുന്നത്. ഫ്രഞ്ച് യഥാതഥ ചിത്രകാരൻ ജീൻ ഫ്രാൻസിസ് മില്ലെറ്റിന്റെ ( ഴാങ് ഫ്രാസ് മിയേ എന്ന് ഫ്രഞ്ച് ഉച്ചാരണം) ‘പെറുക്കുന്നവർ’ എന്ന ചിത്രത്തിൽനിന്നു തുടങ്ങി ഫ്രെഞ്ചുകാരനായ പിയറി എഡ്മണ്ട് ഹെഡ്യൂയിന്റെ ‘കൊടുങ്കാറ്റിനു മുൻപ് ഓടി പോകുന്ന പെറുക്കിയെടുപ്പുകാർ’ എന്ന ചിത്രത്തിൽ ചലച്ചിത്രം അവസാനിപ്പിക്കുന്നതിൽ തത്ത്വചിന്താപരമായ സമീപനമുണ്ട്. ചിത്രത്തിൽ കടന്നു വരുന്ന ധാരാളം ചിത്രങ്ങളും ശില്പങ്ങളും പാരമ്പര്യമഹത്വത്തെക്കുറിച്ചുള്ള വർത്തമാനങ്ങളും പാഴ് വസ്തുക്കൾ കൊണ്ടുള്ള കലാരൂപങ്ങളുമൊക്കെ ‘പെറുക്കിക്കൂട്ടുക’ എന്ന ആദിമമായ വാസന വികസിച്ചുവന്ന പരിണാമ വഴിയെ വ്യക്തമാക്കാനുള്ള ശ്രമംകൂടിയാണ്. ഭക്ഷണംപോലെതന്നെ പ്രധാനമാണ് മനുഷ്യന്റെ സാംസ്കാരികാവശിഷ്ടങ്ങളുടെ പെറുക്കിയെടുപ്പ് എന്ന രാഷ്ട്രീയപ്രസ്താവനയാണത്. നിലത്തു വീണു കിടന്നതും കൊമ്പുകളിൽ അവശേഷിച്ചതും പെറുക്കി നടന്നും പറിച്ചെടുത്തും തിന്ന്, ജീവൻ നിലനിർത്തിയ മനുഷ്യവർഗത്തിന്റെ ഇന്നത്തെ പ്രതിനിധികൾക്കുള്ള ശ്രദ്ധാഞ്ജലിയാണ് സിനിമ. ഒരർത്ഥത്തിൽ എല്ലാവരും പെറുക്കിയെടുക്കുന്നവരാണെന്ന സത്യത്തെ സംവിധായിക ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. കടന്നുപോകുന്ന കാലത്തെ പിടിച്ചു നിർത്താനുള്ള പ്രയത്നമായി ശേഖരണതാത്പര്യത്തെ കാണണം. ചിത്രങ്ങളെയും ശില്പങ്ങളെയും പോലെ സാംസ്കാരിക മിച്ചങ്ങളെ ചിത്രത്തിലാക്കുന്ന താനും ഒരു പെറുക്കി നടക്കുന്നവളാണെന്ന് സംവിധായിക സ്ഥാപിക്കുന്നത് അങ്ങനെയാണ്.
സ്വന്തം ശബ്ദത്തിൽ രസകരമായി ആഖ്യാനം ചെയ്താണ് വാർദ ഈചലച്ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു കയ്യിൽ ക്യാമറ പിടിച്ച് മറ്റേ കൈയെ ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്ന് സിനിമയ്ക്കുള്ളിൽ തന്നെ തന്റെ ശൈലിയെ അവർ വിവരിച്ചിട്ടുണ്ട്. വാർദ രചിച്ച്, സംവിധാനം ചെയ്ത്, ചിത്രസന്നിവേശം നടത്തി, നിർമ്മിച്ച ഈ ചിത്രം 2000 -ലെ കാൻ ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിൽ ഔദ്യോഗികപ്രവേശനം നേടിയിരുന്നു. കാൻ, ചിക്കാഗോ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങൾക്കു പുറമേ, ഫ്രെഞ്ച് സിൻഡിക്കേറ്റ്, ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, തുടങ്ങിയ ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങളും നേടി. ചിത്രം ഫ്രാൻസിലെ തിയേറ്ററുകളിൽ പ്രദർശന വിജയം നേടുകയും ചെയ്തിരുന്നു. 2002 -ൽ ‘ പെറുക്കുന്നവരും ഞാനും : രണ്ട് വർഷങ്ങൾക്കുശേഷം’ എന്നൊരു ഡോക്യുമെന്ററി കൂടി ആഗ്നസ് വാർദ എടുക്കുകയുണ്ടായി; ഈ ചിത്രത്തിന്റെ തുടർച്ച എന്ന നിലയ്ക്ക്.