എം-സോണ്‍ റിലീസ് – 673
ഭാഷ | ജർമൻ, ഫ്രഞ്ച് |
സംവിധാനം | Raoul Peck |
പരിഭാഷ | ഉമ്മർ ടി. കെ |
ജോണർ | ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി |
ലോകത്തിന്റെ മുഖച്ഛായ മാറ്റിയ ഇതിഹാസമാണ് കാള്‍ മാര്‍ക്സ്. കാള്‍ മാര്‍ക്സിലെ യഥാര്‍ഥ മനുഷ്യനെയും ദാര്‍ശനികനെയും അടുത്തുകാണാം ദ യങ് കാള്‍ മാര്‍ക്സ് എന്ന ചിത്രത്തില്‍. മാര്‍ക്സിന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ഘട്ടം അവതരിപ്പിക്കുന്ന ചിത്രമാണ് ഹൈത്തിയിലെ സംവിധായകനായ റൗള്‍ പെക്ക് സംവിധാനം ചെയ്ത ദ യങ് കാള്‍ മാര്‍ക്സ്.
മാര്‍ക്സിന്റെ ജീവിതത്തിലെ 1842 മുതല്‍ 1847 വരെയുള്ള അഞ്ചു വര്‍ഷങ്ങളാണ് ചിത്രത്തിലുള്ളത്. പിന്നീട് അടുത്ത സുഹൃത്തും സഹരചയിതാവുമായിത്തീര്ന്ന ഫ്രഡറിക് ഏംഗല്‍സുമായുള്ള കൂടിക്കാഴ്ച മുതല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ രചന വരെയുള്ള കാലമാണ് ചിത്രത്തിലുള്ളത്. മാര്‍ക്സിന്റെ ജീവിതത്തിലെ കമ്യൂണിസ്റ്റ് സൈദ്ധാന്തികതകളേക്കാള് ഏംഗല്‍സുമായുള്ള ബന്ധവും ഭാര്യ ജെന്നിയുമൊത്തുള്ള ദാമ്പത്യവുമെല്ലാം ചേര്‍ന്നാണ് പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്. അതൊടൊപ്പം, പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്പിലെ തൊഴിലാളി ജീവിതവും ചിത്രത്തില്‍ സൂക്ഷ്മമായി ദൃശ്യവത്കരിക്കപ്പെടുന്നുണ്ട്. മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ആശയധാരകളെ രൂപപ്പെടുത്തുന്നതില്‍ ദാരിദ്ര്യവും മുതലാളിത്ത ചൂഷണവുമെല്ലാം ചേര്‍ന്ന് ഇരകളാക്കുന്ന തൊഴിലാളികളുടെ ജീവിതം എങ്ങനെ നിര്‍ണായകമായി എന്നും ചിത്രം കാണിച്ചുതരുന്നു.
ഓഗസ്റ്റ് ഡയല് ആണ് മാര്‍കസിനെ അവതരിപ്പിക്കുന്നത്. ഒരു മനുഷ്യന് എന്ന നിലയില്‍ കാള്‍ മാര്‍ക്സിന്റെ വ്യക്തിത്വത്തിലെ സങ്കീര്‍ണതകള്‍ ഗംഭീരമായി അവതരിപ്പിക്കുന്നു ഓഗസ്റ്റ് ഡയല്. ഏംഗല്‍സിനെ അവതരിപ്പിച്ചിരിക്കുന്നത് സ്റ്റഫാന്‍ കൊണാര്സ്കെ ആണ്. ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ദി യങ് കാള്‍ മാര്‍ക്സ് പ്രദര്‍ശിപ്പിച്ചിരുന്നു.