എം-സോണ്‍ റിലീസ് – 1930
ഭാഷ | ഗലീഷ്യൻ |
സംവിധാനം | Oliver Laxe |
പരിഭാഷ | ശ്രീജിത്ത് കെ പി |
ജോണർ | ക്രൈം, ഡ്രാമ |
സ്പാനിഷ് യുവസംവിധായകനായ ഒലിവർ ലാഷെ ഗലീഷ്യൻ ഭാഷയിൽ സംവിധാനം ചെയ്ത സിനിമയാണ് 2019ൽ പുറത്തിറങ്ങിയ “ഫയർ വിൽ കം”.
ഒരു ഗ്രാമം മുഴുവൻ തീയിട്ടു നശിപ്പിച്ച കുറ്റത്തിന് ജയിൽശിക്ഷയനുഭവിച്ച അമഡോർ, ശേഷം ഗ്രാമത്തിലേക്ക് തിരിച്ചുവരികയാണ്. തുടർന്നു അദേഹത്തിന്റെ ജീവിതത്തിലൂടെയും , ഗലീഷ്യൻ പ്രകൃതിസൗന്ദര്യത്തിലൂടെയും സിനിമ മുന്നോട്ടു നീങ്ങുന്നു. പച്ചവിരിച്ച കുന്നുകളും വനങ്ങളും നിറഞ്ഞ പ്രകൃതിഭംഗിയേറിയ പ്രദേശമായ ഗലീഷ്യ, സ്പെയ്നിലെ ഓട്ടോണമസ് പ്രവിശ്യയാണ്. ഗലീഷ്യയിലെ പർവതത്തിലെ വനത്തിനോട് ചേർന്നുള്ള അമഡോറിന്റെ വീട്ടിൽ പ്രായമായ അമ്മയും , കുറച്ചു പശുക്കളും അദ്ദേഹത്തിന്റെ ലൂണായെന്ന വളർത്തുനായയും മാത്രമാണുള്ളത്.
പിന്നീടൊരിക്കൽ അവിടെയുണ്ടാകുന്ന അതിഭയങ്കരമായ കാട്ടുതീ ആ പ്രദേശം മുഴുവൻ ചുട്ടുചാമ്പലാക്കുന്നു.
2019 കാൻ ഫിലിം ഫെസ്റ്റിവലിൽ “അൺ സെർട്ടൻ റിഗാർഡ്” വിഭാഗത്തിൽ ജൂറി അവാർഡ് ഈ ചിത്രം കരസ്ഥമാക്കി. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലായ “മാർ ദെൽ പ്ലാറ്റ ഫിലിം ഫെസ്റ്റിവലിലെ” മികച്ച ചിത്രത്തിനുള്ള “ഗോൾഡൻ ആസ്റ്റർ” പുരസ്‌കാരവും ഈ ചിത്രം കരസ്ഥമാക്കി.
പ്രകൃതിയെ നശിപ്പിക്കുന്നത് മനുഷ്യൻ തന്നെയാണെന്നാണ് സംവിധായകൻ കാണിക്കുന്നത്. ഗലീഷ്യൻ പ്രകൃതിസൗന്ദര്യം വളരെ നന്നായി ഒപ്പിയെടുക്കാൻ ഈ ചിത്രത്തിലൂടെ സംവിധായകനു സാധിച്ചിട്ടുണ്ട്.