Babylon Berlin Season 1
ബാബിലോൺ ബെർലിൻ സീസൺ 1 (2017)
എംസോൺ റിലീസ് – 2790
ഭാഷ: | ജർമൻ |
സംവിധാനം: | Henk Handloegten |
പരിഭാഷ: | പ്രശോഭ് പി.സി |
ജോണർ: | ക്രൈം, ഡ്രാമ, ത്രില്ലർ |
ഒന്നാം ലോകയുദ്ധത്തിനു ശേഷമുള്ള ജർമനിയെ കൃത്യതയോടെ ചിത്രീകരിച്ചിരിക്കുന്ന സമ്പൂർണ്ണ ത്രില്ലറാണ് ബാബിലോൺ ബെർലിൻ. ഏറ്റവും മികച്ച യൂറോപ്യൻ സീരീസുകളുടെ പട്ടികയിൽ മുന്നിലെത്തിയ ബാബിലോൺ ബെർലിൻ വലിയ നിരൂപക പ്രശംസ നേടി മൂന്നു സീസണുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഹിറ്റ്ലറുടെ ഉദയത്തിനു മുമ്പ് ജർമനിയിൽ വയ്മർ റിപ്പബ്ലിക് ഗവൺമെൻ്റ് ഭരിച്ചിരുന്ന കാലത്ത് വളരെ അപകടം പിടിച്ച നഗരമായിരുന്നു തലസ്ഥാനമായ ബെർലിൻ. ഭരണമാറ്റത്തിനായി പോരാടുന്ന “ചെങ്കോട്ട” എന്ന ഇടതുപക്ഷ സംഘടനയുടെ പോരാട്ടം സർക്കാരിനെ അസ്വസ്ഥമാക്കിയ കാലം.
റഷ്യയിൽ നിന്ന് ബെർലിനിലേക്ക് പോകുകയായിരുന്ന ഒരു ട്രെയിൻ ചെങ്കോട്ടക്കാർ തട്ടിയെടുക്കുന്നു. അതിലേക്ക് പുതിയ ഒരു വാഗൺ ഘടിപ്പിച്ച് യാത്ര തുടരുന്നു. ട്രെയിനിൻ്റെ വരവ് കാത്ത് ബെർലിനിലെ ചെങ്കോട്ടയുടെ രഹസ്യ ആസ്ഥാനത്ത് അവരുടെ തലവനായ കർദക്കോവും സംഘവും കഴിയുന്നുണ്ട്.
ഈ സമയത്താണ് നായകനായ ഗിറിയോൺ റാത്ത് ബെർലിൻ പോലീസിലെ വൈസ് വിഭാഗത്തിൽ (പോണോഗ്രഫി സംബന്ധിച്ച് അന്വേഷിക്കുന്ന വിഭാഗം) ചേരുന്നത്. ഏതോ പ്രമുഖർ ഉൾപ്പെട്ട നീലച്ചിത്രത്തിൻ്റെ ഫിലിം കണ്ടെത്തുകയാണ് അയാളുടെ ലക്ഷ്യം. റാത്ത് ഒരു നിഗൂഢ വ്യക്തിയാണെന്ന് മനസിലാക്കുന്ന സഹപ്രവർത്തകൻ അയാളെക്കുറിച്ച് രഹസ്യമായി അന്വേഷിക്കാൻ ഒരു യുവതിയെ ചുമതലപ്പെടുത്തുന്നു.
ഓരോ എപ്പിസോഡിലും ആകാംക്ഷ നിറച്ച അതി സമർത്ഥമായ സ്ക്രിപ്റ്റ് ആണ് ഈ സീരീസിൻ്റേത്. കുറ്റാന്വേഷണവും രാഷ്ട്രീയവും ഡ്രാമയും അസാമാന്യ പാടവത്തോടെ ഒത്തുചേർത്തിരിക്കുന്നു.