എംസോൺ റിലീസ് – 3091
ഭാഷ | ഗുജറാത്തി |
സംവിധാനം | Pan Nalin |
പരിഭാഷ | മുബാറക് റ്റി എൻ |
ജോണർ | ഡ്രാമ |
ഗുജറാത്തിലെ സൗരാഷ്ട്രയിലുള്ള, ചലാല എന്ന ചെറു ഗ്രാമത്തിൽ ജീവിക്കുന്ന ഒൻപത് വയസ്സുള്ള ബാലനാണ് സമയ്. ചായക്കട നടത്തുന്ന അച്ഛനെ സഹായിച്ചും, കൂട്ടുകാരുടെ കൂടെ കളിച്ചും നടക്കുന്ന അവനെ, ഒരു നാൾ അച്ഛൻ സിനിമ കാണിക്കാനായി കൊണ്ടു പോകുന്നു. തീയേറ്ററിലെ ഇരുട്ടും, തിരശ്ശീലയിലെ ചലിക്കുന്ന രൂപങ്ങളും അവനെ അത്ഭുതപ്പെടുത്തുന്നു. സിനിമയോടുള്ള അവൻ്റെ പ്രണയം, അന്നു മുതൽ തുടങ്ങുകയാണ്. തീയേറ്റർ ഓപ്പറേറ്ററായ ഫസലിൻ്റെ സഹായത്തോടെ, പ്രോജക്ടർ റൂമിലിരുന്ന് സിനിമ കാണുന്ന സമയ്, അവിടുത്തെ സ്ഥിരം സന്ദർശകനായി മാറുന്നു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം, അവൻ്റെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
35 mm സെല്ലുലോയിഡ് ഫിലിമിൽ നിന്ന് ഡിജിറ്റൽ രൂപത്തിലേക്കും, സാധാരണ തീയേറ്ററുകളിൽ നിന്ന് മൾട്ടി പ്ലക്സുകളിലേക്കുമുള്ള ഇന്ത്യൻ സിനിമയുടെ വളർച്ച, ചിത്രം വരച്ചു കാട്ടുന്നുണ്ട്. ഭവിൻ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെൻ റാവൽ, പരേഷ് മേത്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, പാൻ നളിനാണ്. കുട്ടികളുടെ നിഷ്കളങ്കതയും, അവർക്കിടയിലെ സൗഹൃദവും, അവരുടെ സ്വപ്നങ്ങളും പ്രതിപാദിക്കുന്ന ഈ ചിത്രം, 95-ാമത് ഓസ്കാർ അവാർഡിൽ മികച്ച അന്താരാഷ്ട്ര ചിത്രത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി കൂടിയാണ്.