എം-സോണ് റിലീസ് – 1498
ഭാഷ | ഹീബ്രൂ |
സംവിധാനം | Talya Lavie |
പരിഭാഷ | ഷിഹാസ് പരുത്തിവിള |
ജോണർ | കോമഡി, ഡ്രാമ |
സോഹാറും ഡാഫിയും ഉറ്റസുഹൃത്തുക്കളാണ്. ഇസ്രായേലിലെ ഒരു മിലിട്ടറി ബേയ്സിൽ അഡ്മിനിസ്ട്രേഷൻ സെക്ടറിലാണ് അവർ ജോലി ചെയ്യുന്നത്. ഒരാൾക്ക് ജോലി ചെയ്യാൻ മടിയാണെങ്കിൽ മറ്റൊരാൾക്ക് ആ ബേയ്സിലേ വരുന്നത് ഇഷ്ടമല്ല. സഹപ്രവർത്തകർ അക്ഷീണം പ്രയത്നിക്കുമ്പോൾ കമ്പ്യൂട്ടർ ഗെയിംസിൽ റെക്കോർഡ് ഇടുന്ന തിരക്കിലാണ് ഇവർ.
സോറി ആരും ശല്യപ്പെടുത്തരുത്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഡാഫിക്ക് ടെൽ അവീവിൽ പോയി ജോലി ചെയ്യാനാണ് ഇഷ്ടം. അതിനൊരു വിചിത്രകാരണവും അവൾക്കുണ്ട്. അതേസമയം സോഹാർ കാഴ്ചയിൽ മുല്ലപ്പൂ ആണെങ്കിലും ആൾക്കൊരു മുള്ളുമുരുക്കിന്റെ സ്വഭാവവും ദേഷ്യവും ഒക്കെയാ, മൊത്തത്തിൽ ഒരു വിപ്ലവകാരി. തന്റെ മേലുദ്യോഗസ്ഥരോട് എന്തും പറയാനുള്ള തന്റേടവും ആർജ്ജവും ഇവൾക്കല്ലാതെ ആർക്കുമുണ്ടാവില്ല. തീർച്ച. കക്ഷിയെ അലട്ടുന്ന പ്രധാന പ്രശ്നം പുറത്തുപറയാൻ പറ്റൂല്ല. രഹസ്യമാ.. ശ്ശ്.. ഓൾക്ക് കന്യകാത്വം എത്രയും വേഗം നഷ്ടപ്പെടണം പോലും. കാരണം അവളുടെ നാട്ടിൽ എന്നല്ല ഈ ബേയ്സിൽ തന്നെ കന്യകയായ ഏക വനിത അവളായിരിക്കുമെന്നാണ് അവൾ തന്നെ പറയുന്നത്. തത്കാലം അതവിടെ നിൽക്കട്ടെ.
ചട്ടിയും കലവുമായാൽ തട്ടിയും മുട്ടിയും ഇരിക്കും, സ്വാഭാവികം. എന്നാലും ഇങ്ങനെയുമുണ്ടോ ഒരു വഴക്കിടൽ. അഡ്മിനിസ്ട്രേഷൻ ഓഫീസിന്റെ കിടപ്പ് കണ്ടാൽ ആരായാലും മൂക്കത്ത് വിരൽ വെച്ച് പോകും. നാറ്റം കൊണ്ടല്ല കേട്ടോ. ഒരു ചെറിയ പ്രശ്നം. ഒരറ്റത്ത് സോഹാർ. പോരേ പൂരം. അവളെ വേദനിപ്പിച്ചവർക്കാർക്കും രക്ഷയില്ല. കാരണം അവളുടെ പേര് സോഹാർ എന്നാണ്.
മൂന്ന് അദ്ധ്യായങ്ങളായി കഥ പറഞ്ഞുപോകുന്ന ഈ കോമിക്-ട്രാജഡി സിനിമ ഇസ്രായേൽ മിലിട്ടറിയിലെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും മാനസിക പിരിമുറുക്കുങ്ങളും ഭംഗിയായി ചിത്രീകരിക്കുന്നുണ്ട്.